പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ മണ്ഡലങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി 43.5 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിഫ്ബി ഫണ്ടിലെ 17.75 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന റാന്നി മഠത്തുംചാല്‍ – മുക്കൂട്ടുതറ റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ശബരിമല പദ്ധതിയിലൂടെ ഏഴ് റോഡുകളുടെ നവീകരണമാണ് ലക്ഷ്യം. റാന്നി വലിയകാവ് റിസര്‍വ് റോഡിന് 10 കോടി. തിരുവല്ല – കുമ്പഴ റോഡ്, മരുതൂര്‍ കടവ് വണ്‍വേ ട്രാഫിക് റോഡ് എന്നിവയുടെ നവീകരണത്തിന് 10.5 കോടി രൂപയും.
സംസ്ഥാനത്ത് ആകെ 356.97 കോടി രൂപയാണ് ഇത്തവണ ശബരിമല പാക്കേജില്‍ അനുവദിച്ചത്. ശബരിമല റോഡുകളുടെ നവീകരണത്തിന് അനുവദിച്ചിട്ടുള്ള ഏറ്റവും വലിയ തുകയാണിത്. പദ്ധതികള്‍ അനുവദിക്കുന്നതിനോടൊപ്പം അവ പൂര്‍ത്തിയാകുന്നുണ്ടെന്നും ഉറപ്പാക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. റോഡുകളുടെ നിര്‍മ്മാണത്തിനും പരിപാലനത്തിനും ഒരേ പ്രാധാന്യമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.