നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആദ്യ കിരീടം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങുന്നു. ഫൈനലില്‍ കരുത്തരായ വിദർഭയാണ് എതിരാളികള്‍. രാവിലെ ഒൻപതരയ്ക്ക് വിദർഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂരിലാണ് മത്സരം. ജിയോഹോട്സ്റ്റാറില്‍ മത്സരം തത്സയം കാണാം. സീസണില്‍ തോല്‍വി അറിയാതെയാണ് കേരളവും വിദർഭയും കിരീടപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. സെമിയില്‍ ഗുജറാത്തിനെ രണ്ട് റണ്ണിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡില്‍ മറികടന്നാണ് കേരളം ആദ്യ ഫൈനല്‍ ഉറപ്പിച്ചത്.
വിദർഭ സെമിയില്‍ നിലവിലെ ചാമ്പ്യൻമാരായ മുംബൈയെ തോല്‍പിച്ചു. കേരളവും വിദർഭയും രണ്ടുതവണ ഇതിന് മുൻപ് ഏറ്റുമുട്ടിയിട്ടുണ്ട്. വിദർഭ 2018ല്‍ ക്വാർട്ടർ ഫൈനലിലും 2019ല്‍ സെമിഫൈനലിലും കേരളത്തെ തോല്‍പിച്ചു. ഈ രണ്ട് തോല്‍വികള്‍ക്ക് ഫൈനലില്‍ പകരം വീട്ടുകയാണ് കേരളത്തിന്‍റെ ലക്ഷ്യം. കേരള ക്രിക്കറ്റ് ടീമിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ, ഏറ്റവും നിർണായക പോരാട്ടത്തിനാണ് സച്ചിൻ ബേബിയും സംഘവും ഇന്ന് നാഗ്പൂരില്‍ ഇറങ്ങുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്വാർട്ടർ ഫൈനലില്‍ ജമ്മു കാശ്മീരിനെയും സെമി ഫൈനലില്‍ ഗുജറാത്തിനെയും നാടകീയമായാണ് മറികടന്നതെങ്കിലും, കേരള താരങ്ങളുടെ പോരാട്ടവീര്യത്തിനുള്ള പ്രതിഫലമായിരുന്നു വിജയത്തോളം തിളക്കമുള്ള ഈ സമനിലകള്‍. ഇത് തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ വർധിപ്പിക്കാനുള്ള കാരണം. വാലറ്റം വരെനീളുന്ന ബാറ്റിംഗ് നിരതന്നെയാണ് കേരളത്തിന്‍റെ കരുത്ത്. ഇതുവരെയുള്ള മത്സരങ്ങളില്‍ മുഹമ്മദ് അസ്ഹറുദ്ദീനും സല്‍മാൻ നിസാറും ഉള്‍പ്പെട്ട മധ്യനിരയുടെയും ലോവർ ഓർഡർ ബാറ്റർമാരുടെ മികവിലായിരുന്നു കേരളത്തിന്‍റെ മുന്നേറ്റം.
ഫൈനലില്‍ ഓപ്പണർമാരായ രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ഉള്‍പ്പടെയുള്ള ടോപ് ഓർഡർ ബാറ്റർമാരും മികച്ച ഇന്നിംഗ്സുകള്‍ കളിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ചും മത്സരം സമനിലയിലായാല്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്നവർ ജേതാക്കളാവുന്ന പശ്ചാത്തലത്തില്‍. ബൗളിംഗില്‍ എം ഡി നിധീഷ്, ജലജ് സക്സനേ, ആദിത്യ സർവാതെ എന്നിവരിലാണ് പ്രധാന പ്രതീക്ഷകള്‍. ഗുജറാത്തിനെതിരെ സെമി കളിച്ച കേരള ടീമില്‍ ഒരു മാറ്റത്തിനും സാധ്യതയുണ്ട്.