തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തുക. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലായിരിക്കും ആദ്യം അറസ്റ്റ് രേഖപ്പെടുത്തുക. ഇതിനായി പാങ്ങോട് സിഐ മെഡിക്കല്‍ കോളേജില്‍ എത്തി.
അറസ്റ്റ് രേഖപ്പെടുത്തിയാല്‍ പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും. മെഡിക്കല്‍ ബോർഡിന്റെ റിപ്പോർട്ട് വന്ന ശേഷം ആയിരിക്കും ഡിസ്ചാർജ് കാര്യത്തില്‍ തീരുമാനമുണ്ടാവുക. ഉച്ചക്ക് മുമ്പായി ബോർഡ് റിപ്പോർട്ട് ലഭിക്കും. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു നാല് കേസുകള്‍ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്.