മുംബൈ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയുടെ മലയാളിതാരം കരുൺ നായർ വൻ മതിലായപ്പോൾ വൻ തിരിച്ചടി നേരിട്ട് കേരളം. ഫൈനലിൽ വിജയ പ്രതീക്ഷയെല്ലാം തച്ചു തകർത്താണ് സെഞ്ച്വറിയുമായി കരുൺ വിദർഭയുടെ പ്രതിരോധ താരമായി മാറിയത്. മത്സരത്തിന്റെ നാലാം ദിനം 90 ഓവർ കേരളം പന്തെറിഞ്ഞപ്പോൾ 280 പന്താണ് , ഏതാണ്ട് 50 ഓവറിനടുത്ത് …! കരുൺ നായർ ബാറ്റ് ചെയ്തത്.
്മൂന്നാം ദിനം കേരളത്തിന്റെ എല്ലാ ബാറ്റർമാരും പുറത്തായതോടെയാണ് കളി അവസാനിച്ചത്. നാലാം ദിനം ബൗളിംങ് ആരംഭിച്ച കേരളം അമിത പ്രതീക്ഷയാണ് ആരാധകർക്ക് നൽകിയത്. ഏഴു റൺ ബോർഡിൽ തെളിഞ്ഞപ്പോഴേയ്ക്കും രണ്ട് ഓപ്പണർമാരും കേരളത്തിന്റെ ബൗളിങ്ങിന്റെ ചൂടറിഞ്ഞു. രേഖണ്ഡേയെ (1) ജലജ് സക്‌സേന ക്ലീൻ ബൗൾ ചെയ്തപ്പോൾ, മുഹമ്മദ് അസറുദീൻ വിക്കറ്റിനു പിന്നിൽ പറന്നു പിടിച്ച ക്യാച്ചിലൂടെയാണ് ധ്രുവ് ഷോറൈ (5) പുറത്തായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, പിന്നീട് ക്രീസിൽ പാറപോലെ ഒന്നിച്ചുറച്ചു പോയ ഡാനിഷ് മൽവാറിനെയും (73) മലയാളി താരം കരുൺ നായരിനെയും (പുറത്താകാതെ 132) തൊടാനാവാതെ കേരള ബൗളർമാർ വലഞ്ഞു. ഏഴു റണ്ണിൽ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിഞ്ഞപ്പോൾ 189 റണ്ണാണ് വിദർഭയുടെ സ്‌കോർ ബോർഡിലുണ്ടായിരുന്നത്. ഇതിനിടെ സ്‌കോർ 32 ൽ നിൽക്കെ കരുൺ നായരുടെ ക്യാച്ച് വിട്ടു കളഞ്ഞ അക്ഷയ് ചന്ദ്രൻ വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. ഒടുവിൽ വിദർഭയുടെ സ്‌കോർ 189 ൽ നിൽക്കെ സച്ചിൻ ബേബിയ്ക്ക് ക്യാച്ച് നൽകി മാൽവാർ പുറത്തായതോടെയാണ് കേരളത്തിന് അൽപം അശ്വാസം ലഭിച്ചത്. 238 ൽ യഷ് റാത്തോർഡിനെയും (24) കേരളം പുറത്താക്കിയെങ്കിലും ഏറെ വൈകിപ്പോയിരുന്നു. നിലവിൽ അക്ഷയ് വാർഡ്കറും (4) കരുൺ നായരുമാണ് ക്രീസിൽ. നിലവിൽ 246 റണ്ണിന്റെ ലീഡുണ്ട് വിദർഭയ്ക്ക്. അവസാന ദിനത്തിലെ ആദ്യ സെഷൻ കൂടി ബാറ്റ് ചെയ്ത ശേഷം കേരളത്തെ ബാറ്റിംങിന് ഇറക്കി കളി സമനിലയിലാക്കാനാവും വിദർഭയുടെ നീക്കം. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ തോൽവിയോ, സമനിലയോ ആകും കേരളത്തെ കാത്തിരിക്കുന്നത്.
സ്‌കോർ: വിദർഭ: 379, 249/4. കേരളം 342