കോഴിക്കോട്: താമരശേരിയില്‍ സഹപാഠികളുടെ ആക്രമണത്തില്‍ ഷഹബാസ് മരിച്ച സംഭവത്തില്‍ പ്രധാന പ്രതിയുടെ അച്ഛനേയും പ്രതി ചേർത്തേക്കും. ഇയാള്‍ക്ക് രാഷ്ട്രീയ-ഗുണ്ടാ ബന്ധങ്ങള്‍ ഉണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രതികളുടെ വീട്ടില്‍ നിന്ന് ഇന്നലെ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാൻ സാധിക്കുകയുളളൂവെന്ന് ജില്ലാ പൊലീസ് മേധാവി കെ ഇ ബൈജു അറിയിച്ചു.
‘ഷഹബാസിനെ ആക്രമിച്ചതിന് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. കുട്ടികള്‍ എന്ന നിലയില്‍ ആയിരുന്നില്ല ഇവർ നടത്തിയ ഗൂഢാലോചന. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവർ എല്ലാം പിടിയിലായിട്ടുണ്ട്. ഗൂഢാലോചനയില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ്. ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കുകയാണ്. പ്രധാന പ്രതിയുടെ അച്ഛൻ ക്രിമിനല്‍ കേസില്‍ പെട്ടിട്ടുണ്ട്. കൊലപാതക കുറ്റങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. അറസ്റ്റിലായവരുടെ മനോനില പരിശോധിക്കേണ്ടതുണ്ട്’- കെ ഇ ബൈജു പറഞ്ഞു.