മുംബൈ: വിമാനത്താവളത്തില്‍ 11 കോടിയോളം രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി യുവതി പിടിയില്‍. 100 കാപ്സ്യൂളുകളായി വിഴുങ്ങിയ കൊക്കെയ്നാണ് പിടികൂടിയത്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബ്രസീലില്‍ നിന്നെത്തിയ യാത്രക്കാരിയെയാണ് അറസ്റ്റ് ചെയ്തത്.
ഒരു ബ്രസീലിയൻ പൌരൻ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുമെന്ന പ്രത്യേക രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) പരിശോധന കർശനമാക്കിയത്. സാവോ പോളോയില്‍ നിന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരിയെ ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ചോദ്യംചെയ്യലില്‍ ഇന്ത്യയിലേക്ക് കടത്തുന്നതിനായി മയക്കുമരുന്ന് അടങ്ങിയ ക്യാപ്‌സ്യൂളുകള്‍ വിഴുങ്ങിയെന്ന് യാത്രക്കാരി സമ്മതിച്ചതായി ഡിആർഐ പറഞ്ഞു. തുടർന്ന് അടുത്തുള്ള സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, 1,096 ഗ്രാം കൊക്കെയ്ൻ അടങ്ങിയ 100 ഗുളികകള്‍ യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തു. ഇവയ്ക്ക് വിപണിയില്‍ 10.96 കോടി രൂപ വിലയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൻഡിപിഎസ് നിയമ പ്രകാരം യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഡിആർഐ അറിയിച്ചു. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി. ആരാണ് ഈ കൊക്കെയിൻ ഇന്ത്യയില്‍ കൈപ്പറ്റാനിരുന്നതെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.