സിങ്കപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി : തിരുവല്ല മുത്തൂർ സ്വദേശി പൊലീസ് പിടിയിൽ

തിരുവല്ല: സിങ്കപ്പൂരിൽ പാക്കിങ് ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞു പണം തട്ടിയ കേസിൽ പ്രതിയെ തിരുവല്ല പൊലീസ് പിടികൂടി. തിരുവല്ല മുത്തൂർ രാമൻചിറ സെലസ്റ്റിയൻ ഫിനിക്സ് വീട്ടിൽ നിതീഷ് കൃഷ്ണ(38)യാണ്‌ അറസ്റ്റിലായത്. കരുനാഗപ്പള്ളി സ്വദേശി സഞ്ജിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു അന്വേഷണം നടത്തിയ തിരുവല്ല പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു.
ആകെ 12,85,00 രൂപയാണ് യുവാവിന് നഷ്ടമായത്. 2023 സെപ്റ്റംബർ 18 ന് ആദ്യഗഡുവായി 50,000 നേരിട്ടു നൽകി. ജോലി സംബന്ധിച്ച പരസ്യം കണ്ട് അതിലെ ലിങ്കിലൂടെ അന്വേഷണം നടത്തിയ യുവാവിന് തിരുവല്ല റവന്യൂ ടവറിലുള്ള റോയൽ കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ നമ്പർ ലഭിച്ചു. ഇതിൽ ബന്ധപ്പെട്ടതിനെതുടർന്നാണ് പിതാവുമായി എത്തി നേരിട്ട് 50,000 നൽകിയത്.

Advertisements

പിന്നീട്, 2024 മാർച്ച്‌ 11 നും ഏപ്രിൽ 16 നുമിടയിൽ പലതവണയായി 78,500 രൂപ ഗൂഗിൾ പേ ചെയ്യുകയായിരുന്നു. ഇതിന് പുറമെ സഞ്ജിത്തിന്റെ സുഹൃത്തുക്കളും മറ്റും ജോലിക്കായി നൽകിയ തുകകൾ ഉൾപ്പെടെ ആകെ 5,23,500 രൂപയാണ് പ്രതി പലരിൽ നിന്നായി തട്ടിയെടുത്തത്. ആർക്കും തന്നെ പറഞ്ഞ ജോലി നൽകുകയോ വാങ്ങിയ പണം തിരികെ കൊടുക്കുകയോ ചെയ്തിട്ടില്ല എന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി.
വിസ എന്ന വ്യാജേന കൃത്രിമമായി നിർമ്മിച്ച ലെറ്റർ പ്രതി യുവാവിന് നൽകിയിരുന്നു. ഇതേപ്പറ്റി യുവാവ് ഇയാളോട് അന്വേഷിച്ചപ്പോൾ വിസ ഒറിജിനൽ ആണെന്നും ടിക്കറ്റ് മാത്രമേ വരാനുള്ളൂ എന്നും പറഞ്ഞു. വീണ്ടും പണം ആവശ്യപ്പെട്ടു. സംശയം തോന്നിയ യുവാവ് പലരോടും അന്വേഷിച്ചപ്പോഴാണ് താനും സുഹൃത്തുക്കളും ഉൾപ്പെടെ പലരും തട്ടിപ്പിന് ഇരയായ വിവരം അറിയുന്നത്. തുടർന്നാണ് ഇയാൾ പൊലീസിനെ സമീപിച്ചത്. പ്രതി നിധീഷ് കൃഷ്ണയ്ക്ക് ഇതുകൂടാതെ മൂന്ന് വഞ്ചന കേസുകൾ കൂടി തിരുവല്ല പൊലീസ് സ്റ്റേഷനിൽ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles