കാസർകോട്: പൈവളിഗെയിലെ പതിനഞ്ച് വയസുകാരിയുടേയും ഓട്ടോ ഡ്രൈവര്‍ പ്രദീപിന്‍റേയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തില്‍ അധികം പഴക്കമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയില്‍ (മമ്മിഫൈഡ്)ആയിരുന്നു. കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
അതേസമയം, ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇരുവരുടേയും ഫോണുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. ഫെബ്രുവരി 12നാണ് പെണ്‍കുട്ടിയെയും ഇവരുടെ കുടുംബ സുഹൃത്തായ പ്രദീപിനെയും കാണാതായത്. ഇന്നലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൈവളിഗ സ്വദേശിനിയായ15കാരി, ഇവരുടെ അയല്‍വാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതിനാലാണ് കണ്ടെത്താൻ വൈകിയതെന്ന ആരോപണമാണ് ഉയരുന്നത്. പെണ്‍കുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്തുനിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണിപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതല്‍ 52 അംഗ പൊലീസ് സംഘവും നാട്ടുകാരുമടക്കം വ്യാപക തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പൈവളിഗയിലെ പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള മണ്ടെക്കാപ്പ് ഗ്രൗണ്ടിനടുത്തുള്ള അക്കേഷ്യ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്.
ഇരുവരുടെയും മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ഫെബ്രുവരി 12 മുതലാണ് പെണ്‍കുട്ടിയെ കാണാതായെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയത്. ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഏക്കറുകളോളം വ്യാപിപ്പിച്ചുകിടക്കുന്ന പ്രദേശമാണിത്. തോട്ടത്തിലെ ഉള്‍ഭാഗങ്ങളിലാണ് കൂടുതല്‍ തെരച്ചില്‍ നടത്തിയിരുന്നതെന്നും നേരത്തെ ഈ ഭാഗത്ത് തെരച്ചില്‍ കാര്യമായി നടത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.