തിരുവനന്തപുരം: ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിൻവാങ്ങി സര്‍ക്കാര്‍. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കളും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും നടത്തിയ ചര്‍ച്ചയിലാണ് സ്റ്റിക്കര്‍ നിര്‍ബന്ധമാക്കില്ലെന്ന് തീരുമാനിച്ചത്. മീറ്റര്‍ ഇടാതെ ഓടിയാല്‍ യാത്ര സൗജന്യം എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കും.
സ്റ്റിക്കര്‍ പതിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കള്‍ മന്ത്രിയെ അറിയിച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ സ്റ്റിക്കർ നിർബന്ധമാക്കാനായിരുന്നു വാഹന വകുപ്പിന്‍റെ തീരുമാനം. എന്നാല്‍, ചര്‍ച്ചയില്‍ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ ഓട്ടോ തൊഴിലാളികള്‍ ഈ മാസം 18 ന് നടത്താനിരുന്ന പണിമുടക്ക് പിൻവലിക്കാൻ തീരുമാനിച്ചു.