മലയാളികൾ മാത്രമല്ല, ലോകമെമ്പാടും ഉറ്റുനോക്കുന്ന റിലീസാണ് എമ്പുരാൻ സിനിമയുടേത്. മോഹൻലാൽ-പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായി തുടരുകയാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു അപ്ഡേഷൻ പങ്കുവെച്ചിരിക്കുകയാണ് ഛായാഗ്രാഹകൻ സുജിത് വാസുദേവ്.
ചിത്രത്തിലെ എല്ലാ ബ്ലാസ്റ്റുകളും ഒറിജിനൽ ആയി ചെയ്തതാണെന്നും വിഎഫ്എക്സ് അല്ലെന്നും സുജിത് വാസുദേവ് പറഞ്ഞു. ഒറിജിനലായി ഒരു ബ്ലാസ്റ്റ് ചെയ്യുമ്പോൾ എത്രയോ മീറ്റർ ചുറ്റളവിൽ അതിന്റെ ഇമ്പാക്റ്റ് അനുഭവപ്പെടും. അതെല്ലാം നമ്മുടെ ഫ്രെയിമുകളിൽ കൃത്യമായി അറിയാൻ സാധിക്കുമെന്നും സില്ലിമോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സുജിത് വാസുദേവ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘എമ്പുരാനിലെ എല്ലാ ബ്ലാസ്റ്റുകളും റിയൽ ആയി ചെയ്തതാണ്. റിയലായി ഒരു ബ്ലാസ്റ്റ് ചെയ്യുമ്പോൾ എത്രയോ മീറ്റർ ചുറ്റളവിൽ അതിന്റെ ഇമ്പാക്റ്റ് അനുഭവപ്പെടും. അതെല്ലാം നമ്മുടെ ഫ്രെയിമുകളിൽ കൃത്യമായി അറിയാം. ഒരു ലോറി ബ്ലാസ്റ്റ് ചെയ്യുമ്പോൾ മണ്ണിലുള്ള ഷാഡോസ് പോലും കൃത്യമായി അറിയാൻ പറ്റും. വിഎഫ്എക്സിൽ അത് മനസിലാകില്ല. ഒറിജിനലായി ഒരു ബ്ലാസ്റ്റ് ചെയ്യുമ്പോൾ വരുന്ന പുകയ്ക്ക് പോലും വ്യത്യാസം ഉണ്ടാകും. ആ പുകയുടെ ദൈർഘ്യത്തിന് പോലും വ്യത്യാസമുണ്ടാകും. ബ്ലാസ്റ്റ് ഉണ്ടാകുമ്പോൾ മണലിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വിഎഫ്എക്സ് ചെയ്യുമ്പോൾ കൃത്യമായി കിട്ടിയെന്ന് വരില്ല’, സുജിത് വാസുദേവ് പറഞ്ഞു.
സിനിമയുടെ ട്രെയ്‌ലറിന്റെ സെൻസറിങ് പൂർത്തിയായി എന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. മൂന്ന് മിനിറ്റ് 51 സെക്കന്റ് ആണ് ട്രെയ്‌ലറിന്റെ ദൈർഘ്യം. നേരത്തെ സിനിമയുടെ സെൻസറിങ് പൂർത്തിയായെന്ന റിപ്പോർട്ടുകളും എത്തിയിരുന്നു. മൂന്നു മണിക്കൂർ റൺ ടൈം ഉള്ള സിനിമയ്ക്ക് യു എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡിൽ നിന്നും ലഭിച്ചിരിക്കുന്നത്. സിനിമയിലെ 36 ക്യാരക്ടർ പോസ്റ്ററുകളും അഭിനേതാക്കളുടെ വീഡിയോകളും ടീസറും അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വലിയ സ്വീകാര്യതയാണ് പോസ്റ്ററുകൾക്ക് ലഭിച്ചത്.
2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്തും. ‘എമ്പുരാൻ’ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.