‘നാൻസി റാണി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകൻ മനു ജെയിംസിന്റെ ഭാര്യ നെെന ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് നടി അഹാന കൃഷ്‌ണ. ചിത്രത്തിലെ നായികയായ അഹാന പ്രമോഷൻ പരിപാടികളില്‍ സഹകരിക്കുന്നില്ലെന്നായിരുന്നു നെെന ആരോപിച്ചത്. ഇൻസ്റ്റാഗ്രാമില്‍ കുറിപ്പ് പങ്കുവച്ചാണ് നടിയുടെ പ്രതികരണം.
താനും മനു ജെയിംസും ഭാര്യ നൈനയും തമ്മില്‍ നിലനില്‍ക്കുന്നത് ചെറിയ പ്രശ്‌നങ്ങള്‍ അല്ലെന്നാണ് അഹാന കുറിപ്പില്‍ പറയുന്നത്. ‘സിനിമയുടെ ചിത്രീകരണ സമയത്ത് മനു തീർത്തും അണ്‍പ്രൊഫഷണലായി പെരുമാറി. ഞാൻ അറിയാതെ മറ്റൊരാളെകൊണ്ട് തന്റെ കഥാപാത്രത്തിന് ഡബ് ചെയ്യിപ്പിച്ചു. ചിത്രം എത്ര മോശം ആണെങ്കിലും ഞാൻ പ്രൊമോഷൻ ചെയ്യുമായിരുന്നു. അത് എന്റെ കടമയായതുകൊണ്ടാണ്. എന്നാല്‍ ഇവിടെ സംഭവിച്ചത് അതിനും അപ്പുറമാണ്. സംവിധായകനും ഭാര്യയും ചേർന്ന് എന്റെയും കുടുംബത്തിന്റേയുംമേല്‍ മയക്കുമരുന്ന് ആരോപണം ഉന്നയിച്ചു. അത് അവരുടെ തെറ്റുകള്‍ മറയ്ക്കാനായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംവിധായകൻ സെറ്റില്‍ മദ്യപിച്ച് വരികയും ചില സഹസംവിധായകർക്കൊപ്പം സെറ്റിലിരുന്ന് മദ്യപിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ആർട്ടിസ്റ്റുകള്‍ കാത്തിരിക്കേണ്ടി വരുമ്പോള്‍ മനുവിനോട് ഷൂട്ട് തുടങ്ങാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ളൈമാക്‌സ് രംഗങ്ങള്‍ ഉള്‍പ്പെടെ എന്റെ ഭാഗങ്ങള്‍ മറ്റൊരു ആർട്ടിസ്റ്റിനെവച്ച് ചിത്രീകരിച്ചു.
ഞാൻ മയക്കുമരുന്നിന് അടിമയാണെന്നും സെറ്റില്‍ പ്രശ്നങ്ങളുണ്ടാക്കിയെന്നും പ്രചരിപ്പിച്ചു. ഒരിക്കല്‍ നൈന എന്റെ അമ്മയെ വിളിച്ച് ഞാൻ ഒട്ടും പ്രൊഫഷണലല്ല എന്നുപറഞ്ഞു. ഇതിന് മറുപടി കൊടുത്ത അമ്മയോട് എന്റെ ഭർത്താവ് മദ്യം മാത്രമേ ഉപയോഗിക്കുന്നുള്ളൂ, നിങ്ങളുടെ മകള്‍ മയക്കുമരുന്നിന് അടിമയാണ് എന്നാണ് പറഞ്ഞത്. സിനിമയുടെ പ്രൊമോഷൻ പരിപാടിയില്‍ സഹകരിക്കാമെന്ന കരാറില്‍ ഞാൻ ഒപ്പിട്ടിട്ടില്ല. ഈ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ സഹകരിക്കുമായിരുന്നു’- അഹാന നീണ്ട കുറിപ്പിലൂടെ വ്യക്തമാക്കി.