പൊതു ഫണ്ട് ദുരുപയോഗം ചെയ്തു; അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

ഡൽഹി : ദില്ലി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ അരവിന്ദ് കെജ്‌രിവാളിന് പുതിയ തിരിച്ചടി പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് കോടതി. റൗസ് അവന്യൂ കോടതിയാണ് ദില്ലി പൊലീസിന് നിർദേശം നല്‍കിയത്. മാർച്ച് 18 നകം നടപടിക്രമങ്ങൾ ആരംഭിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി. ഹോൾഡിങ് ബോർഡുകൾ സ്ഥാപിക്കുന്നതിനായി പൊതുമുതൽ ദുരുപയോഗം ചെയ്തെന്ന കേസിലാണ് നടപടി.കെജ്‌രിവാളിനും മറ്റ് രണ്ട് നേതാക്കളായ ഗുലാബ് സിംഗ്, നിതിക ശർമ്മ എന്നിവർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം കേട്ട റൗസ് അവന്യൂ കോടതി, മാർച്ച് 18-നകം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പോലീസിനോട് നിർദ്ദേശിക്കുകയും ചെയ്തു. 2019 മുതലുള്ള കേസാണിത്, നേരത്തെ കീഴ്‌ക്കോടതി ഹർജി അനുവദിക്കാൻ വിസമ്മതിച്ചിരുന്നു.

Advertisements

കെജ്‌രിവാൾ, മുൻ എഎപി എംഎൽഎ സിങ്, ദ്വാരക കൗൺസിലർ ശർമ്മ എന്നിവർ പ്രദേശത്ത് വലിയ ഹോർഡിംഗുകൾ സ്ഥാപിച്ച് പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്തതായി ഹർജിക്കാരൻ ആരോപിച്ചിരുന്നു.ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിലിരുന്ന 10 വർഷത്തിനിടയിൽ, സ്വന്തം പബ്ലിസിറ്റിക്കായി പാർട്ടി പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നുവെന്ന് ബിജെപി ആവർത്തിച്ച് ആരോപിച്ചിരുന്നു. രാഷ്ട്രീയ പരസ്യങ്ങൾക്കായി പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് കഴിഞ്ഞ വർഷം ജനുവരിയിൽ, ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് പലിശയുൾപ്പെടെ 163.62 കോടി രൂപ തിരികെ നൽകാൻ എഎപിയോട് ആവശ്യപ്പെട്ടിരുന്നു.ഈ വർഷം ജനുവരിയിൽ പോലും, ചില പദ്ധതികൾക്ക് യഥാർത്ഥത്തിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ തുക പ്രചാരണത്തിനായി ആം ആദ്മി പാർട്ടി ചെലവഴിച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാൽ എഎപി എല്ലാ ആരോപണങ്ങളും നിഷേധിച്ചു.

Hot Topics

Related Articles