ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ ശാസ്ത്രി റോഡിലെ ശീമാട്ടി റൗണ്ടാനയുടെ ഭാഗത്ത് നിർമ്മിച്ച ആകാശപ്പാതയുടെ നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം. നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുത്തതു സംബന്ധിച്ചുള്ള പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തുക. ഇതു സംബന്ധിച്ചു ലഭിച്ച പരാതി വിജിലൻസ് ഫയലിൽ സ്വീകരിക്കുകയായിരുന്നു. 2020 ൽ വിജിൽസ് മേധാവിയ്ക്കു നൽകിയ പരാതിയിലാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ശാസ്ത്രി റോഡിന്റെ തുടക്കത്തിൽ നഗരസഭയ്ക്കു മുന്നിലാണ് കോട്ടയം നഗരത്തിൽ ആകാശപ്പാത നിർമ്മിച്ചിരിക്കുന്നത്. റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും തുക അനുവദിച്ചായിരുന്നു ആകാശപ്പാതയുടെ നിർമ്മാണം ആരംഭിച്ചത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഗതാഗത മന്ത്രിയുമായിരുന്ന സമയത്താണ് ആകാശപ്പാതയുടെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ, ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയതോടെ നിർമ്മാണം നിലയ്ക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആകാശപ്പാതയ്ക്കു സി.എസ്.ഐ സഭയുടെ അടക്കം സ്ഥലം ഏറ്റെടുത്തിരുന്നു. ഈ സ്ഥലം ഏറ്റെടുത്തത് അടക്കമുള്ള വിവാദങ്ങളിലാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കോട്ടയം നഗരത്തിൽ നിർമ്മിക്കുന്ന ആകാശപ്പാതയ്ക്ക് ആവശ്യത്തിനു സ്ഥലം ഏറ്റെടുക്കാതെ നിർമ്മാണ പ്രവർത്തനം തുടങ്ങിയതായാണ് വിജിലൻസിൽ പരാതി ലഭിച്ചത്. പരാതിയിൽ തുടർ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞ ദിവസമാണ് കോട്ടയം വിജിലൻസ് സംഘത്തിന് അനുവാദം ലഭിച്ചത്. ഇതേ തുടർന്നാണ് തുടർനടപടികൾ ആരംഭിച്ചത്.
കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും വിജിലൻസ് സംഘവും സ്ഥലത്ത് എത്തി ആകാശപ്പാതയിൽ പരിശോധന നടത്തിയിരുന്നു. പദ്ധതിയുടെ രൂപ രേഖ പ്രകാരം നഗരസഭ ഓഫിസിനു മുന്നിലും ബേക്കർ ജംഗ്ഷനിലേയ്ക്കുള്ള റോഡിലും ടെമ്പിൾ റോഡിലുമാണ് ലിഫ്റ്റ് വരേണ്ടത്. എന്നാൽ, ഇതിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നാണ് പരാതിയിൽ കണ്ടെത്തിയിരിക്കുന്നത്.