മലയാളത്തിലെ ആദ്യ ഐമാക്സ് ചിത്രമായി എമ്പുരാൻ എത്തുന്നു എന്ന പൃഥ്വിരാജിന്റെ അനൗൺസ്മെന്റ് സമൂഹ മാധ്യമങ്ങളിൽ ആഘോഷമായിരിക്കുകയാണ്. നിരവധിപ്പേർ പൃഥ്വിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. ഇത്തരത്തിൽ പൃഥ്വിയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് മിഥുൻ മാനുവൽ തോമസ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മലയാളത്തിലെ ആദ്യ ഐമാക്സ് ചിത്രമായി എമ്പുരാൻ അവതരിപ്പിക്കുക എന്നത് വലിയൊരു ചുവടുവെപ്പാണെന്നാണ് മിഥുൻ മാനുവൽ തോമസ് കുറിച്ചത്. ഒപ്പം താൻ ഇത് ഉറപ്പായും ഫോളോ ചെയ്യുമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. മിഥുന്റെ ഈ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ആട് 3 ഐ മാക്സ് ചിത്രമായിരിക്കും എന്നതിന്റെ സൂചനയാണോ ഈ വാക്കുകൾ എന്നാണ് പലരും ചോദിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് 3 . ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം സിനിമയ്ക്കായി പ്രേക്ഷകർ വലിയ കാത്തിരിപ്പിലുമാണ്. സിനിമയ്ക്ക് പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒരു ജോണർ ഷിഫ്റ്റ് ഉണ്ടാകുമെന്ന മിഥുൻ മാനുവൽ തോമസിന്റെ വാക്കുകൾ നേരത്തെ വൈറലായിരുന്നു.
‘നമ്മൾ കണ്ടിട്ടില്ലാത്ത തരം സിനിമകൾ അവതരിപ്പിക്കുന്നതിലാണ് ഇപ്പോഴത്തെ ഫിലിംമേക്കേഴ്സ് ശ്രദ്ധ കൊടുക്കുന്നത്. എമ്പുരാന്റെ ടീസർ ഇന്നലെ വന്നു. നമ്മൾ കണ്ടിട്ടില്ലാത്ത തരത്തിലാണ് ആ സിനിമയുടെ കാൻവാസ്. ടെക്നോളജി ഒരു പരിധി വരെ ഇന്ന് നമുക്ക് അഫോർഡബിൾ ആണ്. സിനിമയിൽ വന്നുകൊണ്ടിരിക്കുന്ന നിലവിലെ മാറ്റങ്ങളെയും പരീക്ഷണങ്ങളെയും മുൻനിർത്തി നിങ്ങൾ പ്രതീക്ഷിക്കാത്ത എന്നാൽ നിങ്ങൾക്ക് ഇഷ്ടമാകുന്ന ഒരു ഷിഫ്റ്റ് ആട് 3 യിൽ ഉണ്ടാകും’, എന്നാണ് മിഥുൻ പറഞ്ഞത്.
സൈജു കുറുപ്പ്, അജു വർഗീസ്, സണ്ണി വെയിൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഏപ്രിലിൽ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം 2025 ക്രിസ്തുമസ് റിലീസായി പുറത്തിറക്കാനാണ് പദ്ധതിയിടുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.