അഹമ്മദാബാദ് : ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മുന്നില്‍ 245 റണ്‍സ് ലക്‌ഷ്യം ഉയർത്തിയ പഞ്ചാബ് നന്ദി പറയേണ്ടത് നായകൻ ശ്രേയസ് അയ്യർക്ക്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി 97 റണ്‍സ് നേടി പുറത്താകാതെ നിന്ന നായകൻ ശ്രേയസ് അയ്യരാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. അർഹിച്ച സെഞ്ച്വറി നഷ്ടം ആയെങ്കിലും സെഞ്ചുറിക്കും മുകളില്‍ ഉള്ള കാര്യങ്ങളാണ് അയ്യർ ചെയ്തിട്ട് പോയത് എന്ന് പറയാം.
മികച്ച തുടക്കം നല്‍കി പഞ്ചാബിന്റെ മുൻനിര താരങ്ങള്‍ മടങ്ങിയപ്പോള്‍ ഏറിയാല്‍ ഒരു 200 റണ്‍ മാത്രമായിരുന്നു പഞ്ചാബിന്റെ ലക്‌ഷ്യം. എന്നാല്‍ ആരൊക്കെ വന്നാലും പോയാലും ഞാൻ അടിക്കും എന്നുള്ള രീതിയില്‍ കളിച്ച ശ്രേയസ് അയ്യർ സ്പിൻ- പേസ് വ്യത്യാസം ഇല്ലാതെ എല്ലാ ബോളർമാരെയും തൂക്കി. ഒരു തെറ്റ് പോലും ബാറ്റിംഗില്‍ കാണിക്കാതെ ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും ക്ളീൻ ഇന്നിങ്സില്‍ ഒന്നാണ് താരം കളിച്ചത്. സ്കോർ 162 – 5 എന്ന നിലയില്‍ നില്‍ക്കെ ക്രീസില്‍ അയ്യർക്കൊപ്പം ചേർന്ന കഴിഞ്ഞ സീസണിലെ ഹീറോയായ ശശാങ്ക് സിങ് എത്തിയതോടെ പിന്നെ ഗുജറാത്ത് ബോളര്മാര്ക്ക് ഉത്തരങ്ങള്‍ ഒന്നും ഇല്ലാതിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 17-ാം ഓവറില്‍ ശ്രേയസ് അപകടം വിതച്ചു. പ്രസീദ് എറിഞ്ഞ ആദ്യ പന്തില്‍ റണ്‍ ഒന്നും നേടി ഇല്ലെങ്കിലും പിന്നെ തകർത്തടിച്ചു അയ്യർ ഓവറില്‍ നേടിയത് 24 റണ്‍സാണ്. 18-ാം ഓവറില്‍ ശശാങ്കിന്റെ ഊഴം ആയിരുന്നു, ഓവറില്‍ 18 റണ്‍സാണ് റഷീദ് ഖാനെതിരെ താരം നേടിയത് 19-ാം ഓവറില്‍ കളിയുടെ ഏറ്റവും മികച്ച ഓവറുകളില്‍ ഒന്നെറിഞ്ഞ റബാഡ വഴങ്ങിയത് 10 റണ്‍ മാത്രം, അതില്‍ ഒരു ബൗണ്ടറി മാത്രമാണ് അടിക്കാൻ പറ്റിയത് . അവസാന ഓവറിലേക്ക് വന്നപ്പോള്‍ അയ്യർ 97 റണ്‍ എടുത്ത് നില്‍ക്കുമ്ബോള്‍ അദ്ദേഹത്തിന് സ്ട്രൈക്ക് കിട്ടുമെന്നാണ് ആരാധകർ കരുതിയത്. എന്നാല്‍ ഓവർ മുഴുവൻ ശശാങ്ക് തകർത്തടിച്ചതോടെ ശ്രേയസിന് സെഞ്ച്വറി നഷ്ടമായി.
എന്തായാലും ശ്രേയസ് അയ്യരുടെ അർഹിച്ച സെഞ്ച്വറി നഷ്ടമാക്കിയ 16 പന്തില്‍ 44 റണ്‍ എടുത്ത ശശാങ്കിനെ ആരാധകരില്‍ ചിലർ കുറ്റപെടുത്തിയപ്പോള്‍ തന്നോട് എന്താണ് അയ്യർ പറഞ്ഞതെന്ന് താരം വെളിപ്പെടുത്തി:
‘അതെ, അതൊരു നല്ല ഇന്നിംഗ്സ് ആയിരുന്നു . പക്ഷേ ശ്രേയസിനെ നോക്കുമ്ബോള്‍ അത് എന്നെ കൂടുതല്‍ പ്രചോദിപ്പിച്ചു. വളരെ സത്യസന്ധമായി പറയട്ടെ – ആദ്യ പന്തില്‍ നിന്ന് ശ്രേയസ് പറഞ്ഞു, എന്റെ നൂറിനെക്കുറിച്ച് വിഷമിക്കേണ്ട! പന്ത് നോക്കി അടിച്ചുകളിക്കുക എന്നാണ്.’
‘എനിക്ക് ബൗണ്ടറികള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ ശ്രമിക്കുന്നു. ഞാൻ ഇറങ്ങുന്ന ആ സ്ഥാനത്ത് ടീമിന് എന്താണ് ആവശ്യം എന്ന് എനിക്ക് അറിയാം. എനിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളേക്കാള്‍ എന്റെ ശക്തിയിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.