ഹൈദരാബാദ്: സീസണിൽ മുന്നൂറാണ് ലക്ഷ്യമെന്നു പ്രഖ്യാപിച്ചിറങ്ങിയ ഹൈദരാബാദിന്റെ പടക്കപ്പുരയ്ക്ക് തീയിട്ട് തീയുണ്ട മുഹമ്മദ് സിറാജ്..! ഹൈദരാബാദിന്റെ വെടിക്കെട്ട് സ്‌പെഷ്യലിസ്റ്റുകൾ ആയ രണ്ട് ഓപ്പണർമാരെ അടക്കം നാലു വിക്കറ്റ് തൂക്കിയ സിറാജിന്റെ ഡിഎസ്പി സ്റ്റൈൽ ഓപ്പറേഷനിൽ ഗുജറാത്തിന് മിന്നും വിജയം. നെഹ്‌റയുടെ ശിഷ്യണത്തിൽ തേച്ചുമിനുക്കിയെടുത്ത ഗുജറാത്തിന്റെ പേസ് ഫാക്ടറിയുടെ ഗുണമാണ് സീസണിലെ മിന്നും വിജയം ഗുജറാത്തിന് സമ്മാനിച്ചത്. ഏഴു വിക്കറ്റിനാണ് ഗുജറാത്ത് ഹൈദരാബാദിനെ വീഴ്ത്തിയത്. സ്‌കോർ: 20 ഓവറിൽ ഹൈദരാബാദ് എട്ട് വിക്കറ്റിന് 152. ഗുജറാത്ത് 16.4 ഓവറിൽ മൂന്നു വിക്കറ്റിന് 153.
ടോസ് നേടിയ ഗുജറാത്ത് ആദ്യം ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ ഹെഡിന്റെ തല തെറുപ്പിച്ച സിറാജ്, നാലാം ഓവറിൽ വീണ്ടും ഹൈദരാബാദിനെ ഞെട്ടിച്ചു. ഇക്കുറി സിറാജ് തൂക്കിയത് അഭിഷേക് ശർമ്മയെ ആണ്. സ്‌കോർ ഒൻപതിൽ നിൽക്കെയാണ് വെടിക്കെട്ടുകാരൻ ഹെഡിനെ (8) വീഴ്ത്തിയതെങ്കിൽ സ്‌കോർ 38 ൽ നിൽക്കെയാണ് അഭിഷേകിനെ (18) സിറാജ് വീഴ്ത്തിയത്. സിറാജ് നൽകിയ ഷോക്കിൽ നിന്നും പിന്നീട് ഹൈദരാബാദിന് മോചനമുണ്ടായിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
50 ൽ കിഷാനെ (17) വീഴ്ത്തിയ പ്രതീഷ് കൃഷ്ണ അക്ഷരാർത്ഥത്തിൽ ഹൈദരാബാദിനെ പ്രതിസന്ധിയിലേയ്ക്ക് തള്ളി വിട്ടു. 100 ൽ ക്ലാസൺ കൂടി വീണതോടെ 300 എന്നത് വലിയ സമസ്യയാണ് എന്നു എസ്.ആർ.എച്ച് തിരിച്ചറിഞ്ഞു. 19 പന്തിൽ 27 റൺ മാത്രമാണ് സായി കിഷോർ ക്ലീൻ ബൗൾ ചെയ്യുമ്പോൾ ക്ലാസൺ നേടിയിരുന്നത്. വെടിക്കെട്ടുകാരൻ നിതീഷ്‌കുമാർ റെഡി നനഞ്ഞ പടക്കമാണെന്നു സായി കിഷോറിന്റെ പന്തിൽ റാഷിദ് ഖാന് ക്യാച്ച് നൽകുമ്പോൾ വ്യക്തമായിരുന്നു. 34 പന്തിൽ 31 റൺ മാത്രമാണ് റെഡിയുടെ പോക്കറ്റിലുണ്ടായിരുന്നത്.
മെൻഡിസ് ഒരു റണ്ണുമായി പുറത്താകുമ്പോൾ 120 റണ്ണാണ് എസ്.ആർ.എച്ചിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഏഴാം വിക്കറ്റിൽ അങ്കിത് വർമ്മയും (18), എട്ടാമനായി സ്മ്രജിത്തും (0) വീഴുമ്പോൾ 150 കടക്കുമോ എന്നായിരുന്നു ആശങ്ക. അങ്കിത്തിനെയും സിമ്രജിത്തിനെയും വീഴ്ത്തിയാണ് സിറാജ് നാല് വിക്കറ്റ് തികച്ചത്. എന്നാൽ, കമ്മിൻസ് (22) അവസാനം നടത്തിയ വെടിക്കെട്ടാണ് കഷ്ടിച്ച് 150 കടക്കാൻ എസ്.ആർ.എച്ചിനെ സഹായിച്ചത്. സിറാജ് നാലു വിക്കറ്റ് നേടിയപ്പോൾ സായി കിഷോറും, പ്രതീഷും രണ്ട് വിക്കറ്റ് പങ്കിട്ടു.
മറുപടി ബാറ്റിംങ് ആരംഭിച്ച ഗുജറാത്തിനെ ആദ്യം ഞെട്ടിക്കാൻ എസ്.ആർ.എച്ച് ബൗളിംങ് നിരയ്ക്കായി. സ്‌കോർ 15 ൽ നിൽക്കെ സായ് സുദർശൻ (5) പുറത്ത്. 16 ൽ ജോസ് ബട്‌ലർ (0) കൂടി വീണതോടെ ഒന്ന് ഞെട്ടി ഗുജറാത്ത്. എന്നാൽ, വാഷിംങ് ടൺ സുന്ദറും (49) , ക്യാപ്റ്റൻ ഗില്ലും (61) ചേർന്ന് ടീമിനെ ഗംഭീരമായി മുന്നോട്ട് നയിച്ചു. റൂതർ ഫോർഡ് (35) അവസാന വെടിക്കെട്ടിന് തിരികൊളുത്തിയതോടെ അതിവേഗം ഗുജറാത്ത് ജയിച്ചു കയറി.