ലണ്ടൻ: റഷ്യ – യുക്രെയിൻ യുദ്ധം ആരംഭിച്ചതോടെ പണി കിട്ടിയവരിൽ ഒരാളാണ് റഷ്യൻ കോടീശ്വരനും ഇംഗ്‌ളീഷ് ഫുട്ബാൾ ക്‌ളബായ ചെൽസിയുടെ ഉടമയുമായ റോമൻ അബ്രാമോവിച്ച്. റഷ്യ യുക്രെയിനിന് എതിരെ യുദ്ധം പ്രഖ്യാപിച്ചതിനെ തുടർന്ന് ബ്രിട്ടനിൽ വൻ നിക്ഷേപം ഉള്ള അബ്രാമോവിച്ച്, ചെൽസി ഉൾപ്പെടെയുള്ള തന്റെ സമ്ബാദ്യം വിൽക്കാൻ തീരുമാനിച്ചിരുന്നു. ചെൽസി വിറ്റുകിട്ടുന്ന തുക യുക്രെയിനിലെ യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്നവർക്ക് വേണ്ടി സംഭാവന നൽകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഇതിനു വേണ്ടി ഒരു ചാരിറ്റബിൾ സൊസൈറ്റിയും രൂപീകരിച്ചു. ഏകദേശം മൂന്ന് ബില്ല്യൺ യൂറോയ്ക്കാണ് (25,190 കോടി രൂപ) അബ്രാമോവിച്ച് ക്‌ളബ് വിൽക്കാൻ ഒരുങ്ങുന്നത്. 30 കോടി യൂറോയ്ക്കാണ് (2,520 കോടി രൂപ) അദ്ദേഹം ചെൽസി വാങ്ങുന്നത്. നിലവിൽ മൂന്ന് പേരാണ് ക്‌ളബ് വാങ്ങുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടോഡ് ബോലി
എൾറിഡ്ജ് ഇൻഡസ്ട്രീസിന്റെ സ്ഥാപകനായ ബോലിക്ക് ഫുട്ബാളിലുള്ള താത്പര്യം മുമ്പ് തൊട്ടേ പ്രസിദ്ധമാണ്. 2019ൽ പ്രീമിയർ ലീഗ് ക്‌ളബുകളായ ചെൽസി, ടോട്ടൻഹാം ഹോട്‌സ്പൂർ എന്നിവ വാങ്ങാൻ അദ്ദേഹം ശ്രമിച്ചിരുന്നു. അന്ന് ചെൽസി എഫ് സിയെ സ്വന്തമാക്കാൻ 2.2 ബില്ല്യൺ യൂറോ വരെ അദ്ദേഹം ചെലവഴിക്കാൻ തയ്യാറായിരുന്നു. എന്നാൽ അബ്രാമോവിച്ച് വഴങ്ങിയിരുന്നില്ല. പിൽക്കാലത്ത് അമേരിക്കയിലെ വനിതാ ഫുട്ബാൾ ക്‌ളബായ വാഷിംഗ്ടൺ സ്പിരിറ്റിനെ സ്വന്തമാക്കാനും അദ്ദേഹം ഒന്ന് ശ്രമിച്ചെങ്കിലും അതും ഫലവത്തായില്ല.
ജിം റാറ്റ്ക്‌ളിഫ്
ഒരു കടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനായ റാറ്റ്ക്‌ളിഫ് പ്രീമിയർ ലീഗ് ആരാധകർക്ക് അപരിചിതനല്ല. ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ റാറ്റ്ക്‌ളിഫ്, ബോലിയെ പോലെ 2019ൽ തന്നെ ചെൽസിയെ സ്വന്തമാക്കാൻ ഒരു ശ്രമം നടത്തിയിരുന്നു. എന്നാൽ ആ സമയത്ത് ചെൽസിയെ വൻ തുക കൊടുത്ത് സ്വന്തമാക്കിയാലും ക്‌ളബിനെ ഒന്ന് ശരിയാക്കി എടുക്കാൻ വീണ്ടും കോടികൾ വേണ്ടിവരുമെന്നതിനാലാണ് റാറ്റ്ക്‌ളിഫ് ആ ശ്രമത്തിൽ നിന്ന് പിന്മാറിയത്. എന്നാൽ ഇത്തവണ സാഹചര്യങ്ങൾ മാറിയതിനാൽ ഒന്നുകൂടി ശ്രമിച്ചു നോക്കാമെന്ന കണക്കുകൂട്ടലിലാണ് റാറ്റ്ക്‌ളിഫ്.
നിലവിൽ ഫ്രഞ്ച് ലീഗിലെ നൈസ് ഫുട്ബാൾ ക്‌ളബിൽ റാറ്റ്ക്‌ളിഫിന് ഓഹരികളുണ്ട്. കൂടാതെ സ്വിറ്റ്‌സർലാൻഡ് സൂപ്പർ ലീഗ് ക്‌ളബായ എഫ് സി ലൗസാന്നെ സ്‌പോർട്ടിലും എഫ് വൺ ടീമായ മെഴ്‌സിഡസിലും റാറ്റ്ക്‌ളിഫ് പങ്കാളിയാണ്.
ഹാൻസ്‌ജോർഗ് വിസ്
ചെൽസി സ്വന്തമാക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്ന ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ് സ്വിറ്റ്‌സർലാൻഡ് കോടീശ്വരനായ ഹാൻസ്‌ജോർഗ് വിസ്. ചെൽസി വാങ്ങാനുള്ള ബിഡ് തനിക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നെന്നും എന്നാൽ തനിക്ക് ഒറ്റയ്ക്ക് ആ ക്‌ളബ് സ്വന്തമാക്കാൻ താത്പര്യമില്ലെന്നും വിസ് വ്യക്തമാക്കി. തന്നോടൊപ്പം മറ്റ് മൂന്ന് സുഹൃത്തുക്കളുണ്ടെന്നും ഇനി അഥവാ ക്‌ളബ് വാങ്ങാൻ തീരുമാനിച്ചാൽ തന്നെ അഞ്ച് മുതൽ ആറ് പേർ വരെ അടങ്ങിയ ഒരു കൺസോർഷ്യത്തിന് കീഴിൽ മാത്രമേ താൻ അതിന് തയ്യാറാകുകയുള്ളൂവെന്നും വിസ് വ്യക്തമാക്കി. അബ്രാമോവിച്ച് എത്രയും പെട്ടെന്ന് ക്‌ളബ് വിൽക്കാനുള്ള ശ്രമത്തിലാണെന്നും നാല്, അഞ്ച് ദിവസങ്ങൾക്കുള്ളിൽ താൻ ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുമെന്നും വിസ് വ്യക്തമാക്കി. എന്നിരുന്നാലും നിലവിൽ അബ്രാമോവിച്ച് ക്‌ളബ് വിൽക്കാൻ ആവശ്യപ്പെടുന്നത് വളരെ വലിയൊരു തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.