പൂരവെടിക്കെട്ട്..! ഗുജറാത്ത് കോട്ട തകർത്ത് ലഖ്‌നൗ

ലഖ്‌നൗ: സ്വന്തം മൈതാനത്ത് ഗുജറാത്തിന്റെ ബൗളർമാരെ മുഴുവൻ വെറും കാഴ്ചക്കാരാക്കിയ പൂരവെടിക്കെട്ടിൽ ലഖ്‌നൗവിന് ഉജ്വല വിജയം. 34 പന്തിൽ 61 റണ്ണടിച്ച് ലഖ്‌നൗ വെടിക്കെട്ട് പുരയ്ക്ക് തിരി കൊളുത്തിയ നിക്കോളാസ് പൂരനാണ് ടീമിന്റെ വിജയശില്പിയായി മാറിയത്. സ്‌കോർ: ഗുജറാത്ത്: 180/6. ലഖ്‌നൗ: 186/4.

Advertisements

ടോസ് നേടിയ ലഖ്‌നൗ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. സായ് സുദർശനും (37 പന്തിൽ 56), ശുഭ്മാൻ ഗില്ലും (38 പന്തിൽ 60) ചേർന്ന് 120 ൽ എത്തിച്ച ശേഷമാണ് ഓപ്പണിംങ് കൂട്ടുകെട്ട് പിരിഞ്ഞത്. ഗില്ലിനെ വീഴ്ത്തിയ അവേശ് ഖാനാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിച്ചത്. രണ്ട് റൺ കൂടി ചേർത്തപ്പോഴേയ്ക്കും സായ് സുദർശനും വീണു. 13.1 ഓവറിൽ നിന്നാണ് രണ്ട് പേരും ചേർന്ന് 122 റൺ ചേർത്തത്. ഈ മെല്ലെപ്പോക്കിന് വലിയ വിലയാണ് ഗുജറാത്തിന് നൽകേണ്ടി വന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീടുള്ള ഏഴ് ഓവറിൽ നിന്ന് 58 റൺ മാത്രമാണ് ഗുജറാത്ത് സംഘത്തിന് കൂട്ടിച്ചേർക്കാനായത്. ബട്‌ലർ (16), വാഷിംങ്ടൺ സുന്ദർ (2), തിവാത്തിയ (0) എന്നിവർ അതിവേഗം മടങ്ങിയത് സ്‌കോറിംങിനെ സാരമായി ബാധിച്ചു. റൂതർ ഫോർഡും (22), ഷാറൂഖാനും (11) അടിച്ചെങ്കിലും പൊരുതാവുന്ന സ്‌കോർ മാത്രമാണ് ലഭിച്ചത്. റാഷിദ് ഖാൻ നാലു റണ്ണുമായി പുറത്താകാതെ നിന്നു. രവി ബിഷ്‌ണോയിയും, ഷാർദൂൽ താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദിവേഷ് രാത്തിയും, ആവേശ് ഖാനും ഓരോ വിക്കറ്റ് വീതവും പിഴുതു.

മറുപടി ബാറ്റിംങ് ആരംഭിച്ച എൽഎസ്ജിയ്ക്ക് വേണ്ടി മാക്രം (31 പന്തിൽ 58) വെടിക്കെട്ട് തുടക്കമാണ് മാക്രം നൽകിയത്. എന്നാൽ, പന്തിന്റെ (18 പന്തിൽ 21) മെല്ലെപ്പോക്ക് തെല്ലൊന്നുമല്ല ടീമിനെ ആശങ്കയിലാക്കിയത്. ആറാം ഓവറിന്റെ രണ്ടാം പന്തിൽ സ്‌കോർ 65 ൽ നിൽക്കെ പന്ത് വീണു. പിന്നാലെ ക്രീസിൽ എത്തിയ നിക്കോളാസ് പൂരൻ, എൽഎസ്.ജിയുടെ വെടിക്കെട്ട് പുരയ്ക്കാണ് തീ കൊളുത്തിയത്. തകർത്തടിച്ച പൂരൻ പുറത്താകുമ്പോൾ ടീം സ്‌കോർ 155 കഴിഞ്ഞിരുന്നു. ഇടയ്ക്ക് 123 ൽ മാക്രം മടങ്ങിയതൊന്നും പൂരന്റെ കടന്നാക്രണത്തെ ബാധിച്ചില്ല. മില്ലറും (7) വിജയത്തിലേയ്ക്ക് എത്തുന്നതിനു മുൻപ് വീണെങ്കിലും സമദും (പുറത്താകാതെ 2), ബദോണിയും (പുറത്താകാതെ 28) ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. പ്രദീഷ് കൃഷ്ണ രണ്ടും, റാഷിദ് ഖാനും വാഷിംങ്ടൺ സുന്ദറും ഓരോ വിക്കറ്റും വീതം വീഴ്ത്തി.

Hot Topics

Related Articles