പുലര്‍ച്ചെ കാര്‍ പോര്‍ച്ചില്‍ തീ ആളുന്നത് കണ്ടത് അയല്‍വാസി; സമീപവാസിയായ പെണ്‍കുട്ടി വിവരം അറിയിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ മൂത്ത മകന്‍ മാത്രം ഇറങ്ങിവന്നു; രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന കുടുംബം, രാവിലെ വെന്ത് മരിച്ച നിലയില്‍; പിഞ്ചുകുഞ്ഞടക്കം ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം മാറാതെ നാട്ടുകാര്‍

തിരുവനന്തപുരം: വര്‍ക്കലയിലെ കുടുംബത്തിനുണ്ടായ അതിദാരുണ അപകടത്തിന്റെ വാര്‍ത്ത കേട്ടാണ് കേരളം ഉണര്‍ന്നത്. വര്‍ക്കല ചെറുന്നിയൂരില്‍ വീടിന് തീപ്പിടിച്ച് അഞ്ചുപേര്‍ മരിച്ചു. പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്‍ എന്നയാളുടെ വീടിനാണ് തീപ്പിടിച്ചത്. പ്രതാപന്‍ (62), ഭാര്യ ഷെര്‍ലി(52), മകന്‍ അഹില്‍ (25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ മൂത്ത മകന്‍ നിഹുലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Advertisements

ഇന്ന് പുലര്‍ച്ചെ 1.40ഓടെ പ്രതാപന്റെ ഇരുനില വീടിന്റെ കാര്‍പോര്‍ച്ചില്‍ തീളി ആളിക്കത്തുന്നത് കണ്ട അയല്‍വാസിയായ കെ ശശാങ്കനാണ് ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും വീടിനുള്ളിലേക്ക് തീ പടര്‍ന്നു പിടിച്ചിരുന്നു. തീ കത്തുന്നതും പൊട്ടിത്തെറിയുടെ ശബ്ദം കേള്‍ക്കുകയും ചെയ്തതോടെ ശശാങ്കന്റെ മകള്‍ നിഹുലിനെ ഫോണില്‍ വിളിച്ചു. നിഹുല്‍ ഫോണ്‍ എടുത്ത് സംസാരിച്ചെങ്കിലും പതിനഞ്ച് മിനിറ്റോളം കഴിഞ്ഞാണ് പൊള്ളലേറ്റ നിലയില്‍ പുറത്തേക്ക് ഇറങ്ങിവന്നത്. മറ്റാരും പുറത്തേക്ക് എത്തിയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസി അടക്കം ഉപയോഗിച്ചതിനാല്‍ മുറികള്‍ ലോക്ക് ആയതും പുക കയറി ബോധം പോയതുമാകാം മറ്റുള്ളവര്‍ക്ക് ഇറങ്ങിവരാന്‍ സാധിക്കാഞ്ഞത് എന്നാണ് കരുതുന്നത്. വീടിന്റെ ഗേറ്റ് ഉള്ളില്‍ നിന്നും പൂട്ടിയിരുന്നതും വളര്‍ത്തുനായ ഉളളതും നാട്ടുകാരുടെ രക്ഷാ പ്രവര്‍ത്തനം വൈകാനിടയായി.ഫയര്‍ഫോഴ്‌സും പൊലീസും എത്തി വീട്ടിലുണ്ടായിരുന്നവരെ പുറത്തേക്കെടുക്കുമ്പോഴേക്കും അഞ്ചുപേരുടേയും മരണം സംഭവിച്ചിരുന്നു.
ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് ആണ് തീയണച്ചത്. കാര്‍പോര്‍ച്ചിലുണ്ടായിരുന്ന നാല് ബൈക്കുകള്‍ കത്തിയിട്ടുണ്ട്.

പ്രതാപന്റെ മൂത്ത മകന്‍ വിദേശത്താണ്. മരണ വിവരം മൂത്ത മകനെ അറിയിച്ചിട്ടുണ്ട്. മൂത്ത മകനും കുടുംബവും ഇന്ന് തന്നെ എത്തുമെന്നാണ് വിവരം. അതിനുശേഷമാകും സംസ്‌കാര ചടങ്ങുകള്‍. മരിച്ച അഹിലും ഗുരുതരമായി പൊള്ളലേറ്റ നിഹുലും പ്രതാപന്റെ പച്ചക്കറി മൊത്ത വ്യാപാരത്തില്‍ സഹായിക്കുകയായിരുന്നു. റൂറല്‍ എസ് പി ദിവ്യ ഗോപിനാഥ് അടക്കം സംഭവ സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Hot Topics

Related Articles