കോട്ടയം : കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരായ ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറിയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് മാർച്ച് 9 ബുധനാഴ്ച വൈകിട്ട് അഞ്ചിന് കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തും.
തിരുനക്കര മൈതാനത്തു നിന്നും ആരംഭിക്കുന്ന പ്രകടനത്തിന് കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകും. നികൃഷ്ടവും നിന്ദ്യവുമായ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി മാർച്ച് സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. കെപിസിസി പ്രസിഡന്റിന് എതിരെ വധഭീഷണി മുഴക്കിയ ഇടുക്കി ജില്ലാ സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ എതിരെ കേസെടുക്കാൻ പൊലീസും സംസ്ഥാന സർക്കാരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.