ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പാലരുവി എക്സ്പ്രസ്സിന് ഏറ്റുമാനൂരിൽ തത്കാലിക സ്റ്റോപ്പ് അനുവദിച്ചു. രാവിലെയും വൈകിട്ടും ഓരോ മിനിറ്റ് സ്റ്റോപ്പ് ആണ് പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ അനുവദിച്ചിരിക്കുന്നത്. തിരുനെൽവേലിയിൽ നിന്നും ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16791 പാലരുവി എക്സ്പ്രസ്സിന് പുലർച്ചെ 07 25 നും വൈകുന്നേരം പാലക്കാട് നിന്ന് തിരിക്കുന്ന ട്രെയിൻ നമ്പർ 16792 പാലരുവി എക്സ്പ്രസ്സ് രാത്രി 07 58 നുമാണ് ഏറ്റുമാനൂരിൽ എത്തിച്ചേരുന്നത്.
കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ പതിനായിരങ്ങളാണ് ദിവസവും ഏറ്റുമാനൂരിൽ ദർശനത്തിന് എത്തിച്ചേരുന്നത്. ഐത്യഹ്യങ്ങളിൽ ഇടം പിടിച്ച ഏഴരപ്പൊന്നാന ദർശനം ഏറ്റുമാനൂർ ഉത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറ്റുമാനൂർ രാധാകൃഷ്ണൻ, ഏറ്റുമാനൂർ നഗരസഭാ കൗൺസിലർ ശ്രീമതി ഉഷാ സുരേഷ് ഉത്സവത്തിന് എത്തുന്ന ഭക്തജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം റെയിൽവേ ഡിവിഷനുമായി ബന്ധപ്പെട്ടാണ് താത്കാലിക സ്റ്റോപ്പ് നേടിയെടുത്തത്. ഏറ്റുമാനൂർ പാസഞ്ചേഴ്സിന്റെ ദീർഘകാലത്തെ ആവശ്യമായ പാലരുവിയ്ക്ക് ഏറ്റുമാനൂർ സ്ഥിരമായി സ്റ്റോപ്പ് പരിഗണിക്കണമെന്ന ആവശ്യവും തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർക്ക് നൽകിയ നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.
അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് ജനുവരി 24, 25 തിയതികളിൽ ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഓപ്പറേഷൻ വിഭാഗത്തിലെ വീഴ്ചമൂലം ജനുവരി 24 ന് ട്രെയിൻ നിർത്താതെ പോയത് വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു. ആയതിനാൽ ഇത്തവണ ഏറ്റുമാനൂർ സ്റ്റേഷനിൽ ലഭിച്ച സന്ദേശത്തിൽ ഇന്ന് രാത്രി പുറപ്പെടുന്ന ട്രെയിനാണ് എന്ന് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ആയതിനാൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും ഏറ്റുമാനൂർ വഴി കടന്നുപോകുന്ന ട്രെയിനാണ് സ്റ്റോപ്പ് ലഭിച്ചിരിക്കുന്നത്.
എറണാകുളം ഭാഗത്തേയ്ക്ക് ജോലി ആവശ്യങ്ങൾക്കായി ദിവസേന അറുനൂറിലധികം യാത്രക്കാരാണ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. രാവിലെയും വൈകുന്നേരവും ഓഫീസ് സമയം പാലിക്കുന്നതുവെന്നതാണ് പാലരുവിയ്ക്ക് ഇത്രയും ആവശ്യമുന്നയിക്കാൻ കാരണം.
പാലാ, പേരൂർ, അയർക്കുന്നം, നീണ്ടൂർ, വയല, മാന്നാനം, ആർപ്പുക്കര എന്നീ സ്ഥലങ്ങളിൽ നിന്നും വളരെ വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്നതും വിശാലമായ പാർക്കിംഗ് അടക്കമുള്ള സൗകര്യങ്ങളും യാത്രക്കാർ ഏറ്റുമാനൂർ സ്റ്റേഷൻ തിരഞ്ഞെടുക്കാൻ ഘടകമാകുന്നു. അതിരമ്പുഴ സെൻറ് മേരീസ് ദേവാലയം, കാരിസ്ഭവൻ, ചാവറ കുര്യാക്കോസ് ദേവാലയം, ഏറ്റുമാനൂർ ശിവക്ഷേത്ര തീർത്ഥാടകർക്കും മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി, ITI, KE കോളേജ്, മെഡിക്കൽ കോളേജ്, ജീവനക്കാർക്കും വിദ്യാർത്ഥികളും പാലരുവിയുടെ ഏറ്റുമാനൂർ സ്റ്റോപ്പ് എന്ന ആവശ്യം അറിയിച്ചു മുന്നോട്ടു വന്നിട്ടുണ്ട്. സ്ഥിരമായി സ്റ്റോപ്പ് പരിഗണിക്കണമെന്ന ആവശ്യവുമായി സ്ത്രീകളടക്കം നിരവധി യാത്രക്കാർ പ്രതിഷേധങ്ങളുമായി മുന്നോട്ടു വന്നെങ്കിലും റെയിൽവേ മനുഷ്യത്വരഹിതമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഏറ്റുമാനൂർ പാസഞ്ചർ അസോസിയേഷൻ ഭാരവാഹികളായ ശ്രീജിത്ത്കുമാർ, അജാസ് വടക്കേടം എന്നിവർ ആരോപിച്ചു.