ട്രിവാൻഡ്രം റോയൽസ് കോടിയേരി ബാലകൃഷ്ണൻ വനിതാ കെ സി എ എലൈറ്റ് ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഫൈനലിൽ കടന്നു. സെമിയിൽ ക്ലൗഡ് ബെറി തലശേരി ടൗൺ സിസിയെ ആറ് വിക്കറ്റിനാണ് റോയൽസ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ക്ലൗഡ് ബെറി 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ റോയൽസ് അഞ്ച് പന്ത് ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി.
ഓപ്പണർ അക്ഷയയുടെ തകർപ്പൻ ഇന്നിംഗ്സാണ് ക്ലൗഡ് ബെറിക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 51 പന്തുകളിൽ മൂന്ന് ഫോറും ഏഴ് സിക്സുമടക്കം 80 റൺസുമായി അക്ഷയ പുറത്താകാതെ നിന്നു. ശ്രുതി എസ് 20 റൺസ് നേടി. റോയൽസിന് വേണ്ടി മാളവിക സാബു രണ്ടും നിയതി മഹേഷ്, ഇഷ ഫൈസൽ എന്നിവർ ഓരോ വിക്കറ്റും നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംഗിന് ഇറങ്ങിയ റോയൽസിന് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. നാലാം വിക്കറ്റിൽ ഒത്തുചേർന്ന റെയ്ന റോസും നജ്ല സിഎംസിയും ചേർന്നുള്ള കൂട്ടുകെട്ടാണ് കളി റോയൽസിൻ്റെ വരുതിയിലാകിയത്. റെയ്ന 27 റൺസെടുത്തു. റെയ്നയ്ക്ക് ശേഷം എത്തിയ ക്യാപ്റ്റൻ സജ്ന സജീവനും നജ്ലയും ചേർന്ന് റോയൽസിനെ അനായാസം ലക്ഷ്യത്തിൽ എത്തിച്ചു. നജ്ല 37 പന്തുകളിൽ നിന്ന് 50 റൺസും സജ്ന 13 പന്തുകളിൽ നിന്ന് 20 റൺസുമായി പുറത്താകാതെ നിന്നു. ഏഴ് ഫോറും ഒരു സിക്സും അടങ്ങുന്ന ഇന്നിങ്സ് കാഴ്ച്ച വെച്ച നജ്ല തന്നെയാണ് പ്ലയർ ഓഫ് ദി മാച്ച്. റോയൽസിന് വേണ്ടി മാളവിക സാബു പതിമൂന്നും അഭിന മാർട്ടിൻ പതിനഞ്ചും റൺസെടുത്തു.