മാനഗരം, കൈതി, മാസ്റ്റർ, ലിയോ, വിക്രം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സംവിധായകനാണ് ലോകേഷ് കനകരാജ്. തന്റെ സംവിധാന മികവുകൊണ്ടും കഥ പറച്ചിലിലെ വ്യത്യസ്തതകൊണ്ടും വളരെ വേഗം ആണ് തമിഴിലെ നമ്പർ വൺ സംവിധായകനായി ലോകേഷ് മാറിയത്. ഓരോ സിനിമ കഴിഞ്ഞ് അടുത്ത സിനിമയിലേക്കുള്ള ഗ്യാപ്പിനിടയിൽ ലോകേഷ് എപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുക്കാറുണ്ട്. ഇപ്പോഴിതാ ലോകേഷിന്റെ അത്തരമൊരു സൂചന നൽകുന്ന ട്വീറ്റ് ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
കൂലിയുടെ പ്രമോഷന് തുടങ്ങുന്നത് വരെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ഞാൻ ഒരു ചെറിയ ഇടവേള എടുക്കുകയാണ്’, എന്നാണ് ലോകേഷ് കനകരാജ് എക്സിൽ പങ്കുവെച്ചത്. ഇത് കൈതി രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റ് വർക്കിനായുള്ള ഇടവേളയാണോ എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. അതല്ല കൂലിയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിനായിട്ടാണ് ഈ ഇടവേളയെന്നും സംസാരമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആഗസ്റ്റ് 14 നാണ് കൂലി റിലീസിനെത്തുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.
അതേസമയം, സിനിമപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കൈതി 2. ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ അണിയറ പ്രവർത്തകർ നടത്തിയിരുന്നു. ലോകേഷുമായി ഒന്നിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ച് ‘ദില്ലി’ തിരിച്ചെത്തുന്നുവെന്ന വാർത്ത കാർത്തി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എൽസിയു എന്ന ലോകേഷ് കനകരാജ് യൂണിവേഴ്സിന് തുടക്കമിട്ട ചിത്രം കൂടിയായിരുന്നു കെെതി. ‘കൈതി’, ‘വിക്രം’, ‘ലിയോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരുങ്ങുന്ന കൈതി 2 വിൽ നായകനായ കാർത്തിയ്ക്ക് ഒപ്പം എൽസിയുവിലെ മറ്റുതാരങ്ങളും എത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.