ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറിയുമായി വൈഭവ് സൂര്യവംശി എന്ന 14 കാരന്റെ അഴിഞ്ഞാട്ടം. 35 പന്തിൽ നിന്നാണ് വൈഭവ് വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കിയത്. ഐപിഎല്ലിൽ ചരിത്രം കുറിച്ചുള്ള മിന്നും നേട്ടമാണ് ഗുജറാത്തിനെതിരായ മത്സരത്തിലൂടെ വൈഭവ് സ്വന്തമാക്കിയത്. ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് വൈഭവ്. ഗുജറാത്തിന് എതിരായ മത്സരത്തിൽ 209 എന്ന ലക്ഷ്യം പിൻതുടരാൻ രാജസ്ഥാന് വേണ്ടി വൈഭവും ജയ്സ്വാളുമാണ് ക്രീസിൽ എത്തിയത്.
ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിച്ച വൈഭവ്, മുൻ ഇന്ത്യൻ താരം ഇഷാന്ത് ശർമ്മയെ ഒരു ഓവറിൽ 28 റണ്ണിനാണ് തൂക്കിയത്. പിന്നാലെ, റാഷിദ് ഖാന് എതിരെയും മികച്ച ഷോട്ട് നേടി. 16 പന്തിൽ അരസെഞ്ച്വറി പിന്നിട്ട വൈഭവ് പിന്നീടുള്ള ഓരോ പന്തുകളിലും കത്തിക്കയറുകയായിരുന്നു. 38 പന്തിൽ 11 സിക്സും ഏഴു ഫോറും പറത്തി പ്രസിദ് കൃഷ്ണയുടെ പന്തിൽ ക്ലീൻ ബൗൾഡ് ആയാണ് വൈഭവ് പുറത്തായത്. ഇതിനു മുൻപ് റെക്കോർഡ് പ്രകടനം തീർത്താണ് വൈഭവിന്റെ പോക്ക്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈഭവിന്റെ തേരോട്ടത്തിൽ ഇഷാന്ത് ശർമ്മ രണ്ട് ഓവറിൽ 36 റണ്ണാണ് വഴങ്ങിയത്. ഒരു ഓവറിൽ വാഷിംങ്ടൺ സുന്ദർ 21 റണ്ണും, പ്രസിദ് കൃഷ്ണ മൂന്ന് ഓവറിൽ 38 റണ്ണും, കരിം ജാനറ്റ് ഒരു ഓവറിൽ 30 റണ്ണുമാണ് വഴങ്ങിയത്. 265 റൺ സ്ട്രൈക്ക് റേറ്റിലാണ് വൈഭവ് സെഞ്ച്വറി സ്വന്തമാക്കിയത്. 12.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കി രാജസ്ഥാൻ 171 റൺ നേടിയിട്ടുണ്ട്.