കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിനൊടുവിൽ ഒരു റണ്ണിന്റെ തോൽവി വഴങ്ങി രാജസ്ഥാൻ..! അവസാന ഓവർ വരെ പൊരുതിയാണ് കൊൽക്കത്തയ്ക്ക് എതിരെ രാജസ്ഥാൻ തോൽവി വഴങ്ങിയത്. സ്കോർ: കൊൽക്കത്ത : 206/4. രാജസ്ഥാൻ : 205/8.
ടോസ് നേടിയ കൊൽക്കത്ത ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവർ മുതൽ നിയന്ത്രിച്ചു പന്തെറിഞ്ഞ രാജസ്ഥാൻ കൊൽക്കത്ത ബാറ്റിംങ് നിരയെ നിയന്ത്രിച്ചു നിർത്തി. സ്കോർ 13 ൽ നിൽക്കെ യുദ്ധ് വീർ സിംങ് സുനിൽ നരേനെ(11) വീഴ്ത്തി. പിന്നീട്, ഗുർബാസും (35), രഹാനെയും (30) ചേർന്ന് മെല്ലെ സ്കോർ മുന്നോട്ട് ചലിപ്പിച്ചു. എന്നാൽ, 7.3 ഓവറിൽ സ്കോർ 69 ൽ നിൽക്കെ ഗുർബാസിനെ വീഴ്ത്തി തീക്ഷണ കളി രാജസ്ഥാന് അനൂകൂലമായി തിരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
111 ൽ രഹാനെ പരാഗും വീഴ്ത്തി. പിന്നീട്, രഘുവംശിയും റസലും ക്രീസിൽ ഉറച്ച് നിന്ന് ആഞ്ഞടിക്കുകയായിരുന്നു. 31 പന്തിൽ 44 റണ്ണടിച്ച് ക്രീസിൽ ഉറച്ചു നിന്ന രഘുവംശിയെ അടക്കം ഞെട്ടിച്ച് റസൽ ആഞ്ഞടിക്കുകയായിരുന്നു. 25 പന്തിൽ ആറു സിക്സും നാലു ഫോറും പറത്തിയ റസൽ 57 റണ്ണാണ് എടുത്തത്. ആറു പന്തിൽ നിന്നും രണ്ടു സിക്സും ഒരു ഫോറും അടിച്ച് റിങ്കു സിംങ് 19 റണ്ണെടുത്തു. റസലിന്റെ കടന്നാക്രമണമാണ് കൊൽക്കത്തയെ 200 കടത്തിയത്. രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചറും, യുദ്ധ് വീർ സിംങും, തീക്ഷണയും, പരാഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച രാജസ്ഥാന് തകർച്ചയോടെയായിരുന്നു തുടക്കം. രാജസ്ഥാന്റെ യുവ സെൻസേഷൻ വൈഭവ് സൂര്യവംശി (4), കുനാൽ സിംങ് റാത്തോർഡ് (0), എന്നിവർ എട്ട് റൺ എടുത്തപ്പോഴേയ്ക്കും മടങ്ങി. വൈഭവിനെ അറോറയും, റാത്തോർഡിനെ മോയിൻ അലിയുമാണ് പുറത്താക്കിയത്. പിന്നീട്, ക്രീസിൽ ഒത്തു ചേർന്ന ജയ്സ്വാളും (34), റിയാൻ പരാഗും (95) ചേർന്ന് രാജസ്ഥാന്റെ രക്ഷാ പ്രവർത്തനം ഏറ്റെടുത്തു. രാജസ്ഥാൻ സ്കോർ 66 ൽ നിൽക്കെ ജയ്സ്വാളിനെ മോയിൻ അലി വീഴ്ത്തി.
71 ൽ ജുവറലും (0), ഇതേ സ്കോറിൽ തന്നെ ഹസരങ്കയും (0), വീണതോടെ രാജസ്ഥാൻ 100 കടക്കാതെ വീഴുമെന്നായി ആശങ്ക. എന്നാൽ, പതിവിന് വിപരീതമായി ക്രീസിൽ ഉറച്ചു നിന്ന ഹിറ്റ്മെയറും (29), പരാഗും ചേർന്ന് രാജസ്ഥാനെ 150 കടത്തി. ടീം സ്കോർ 163ൽ നിൽക്കെയാണ് ഹിറ്റ്മെയർ പുറത്തായത്. വിജയത്തിലേയ്ക്കു രാജസ്ഥാൻ കുതിക്കുകയാണ് എന്ന തോന്നലുണ്ടായ സമയത്ത് തന്നെ പരാഗും വീണു. ഹിറ്റ്മെയർ പുറത്തായതിനു 10 റൺ കൂടി കൂട്ടിച്ചേർത്താണ് പരാഗ് വീണത്. എന്നാൽ, ഇംപാക്ട് പ്ലെയറായി ക്രീസിൽ എത്തിയ ശുഭം ദുബൈ (25) തകർപ്പൻ അടി കാഴ്ച വച്ചതോടെ വീണ്ടും രാജസ്ഥാന് പ്രതീക്ഷയായി. എന്നാൽ, അവസാന ഓവറിലെ അവസാന പന്തിൽ മൂന്ന് റൺ ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ ആർച്ചർ റണ്ണൗട്ടായതോടെ രാജസ്ഥാന് വീണ്ടും തോൽവി. കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തിയും, ഹർഷിത് റാണയും, മോയിൻ അലിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വൈഭവ് അറോറയ്ക്കാണ് ഒരു വിക്കറ്റ്.