കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം, സർക്കീട്ട് എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനായി എത്തുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടൈയ്നർ ഴോണറിൽ ഒരുങ്ങുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സേതുനാഥ് പത്മകുമാർ ആണ്. സിനിമയുടെ പുതിയ റിലീസ് തീയതി പുറത്തുവന്നു.
ജൂൺ ആറിന് ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിൽ എത്തും. നിരവധി തവണ റിലീസ് മാറ്റിവെച്ചതിന് പിന്നാലെയാണ് സിനിമ ഇപ്പോൾ തിയേറ്ററിൽ എത്തുന്നത്. മാസങ്ങളുടെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേക്കെത്താൻ പോകുന്നത്. സിനിമയുടെ നിർമാണത്തിനായി പണം വാങ്ങി കബളിപ്പിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു സിനിമയുടെ റിലീസ് നീട്ടിയത്. തന്റെ ചിത്രത്തിനെതിരെ ആരോപണവുമായി കോടതിയിൽ പോയ ആരുടേയും കൈയിൽ നിന്ന് ചിത്രം നിർമ്മിക്കാൻ ഒരു തുകയും മേടിച്ചിട്ടില്ല എന്ന് നിർമാതാവ് നൈസാം സലാം പിന്നീട് വ്യക്തമാക്കിയിരുന്നു. നീതിക്കായി പോരാടാനുറച്ച നൈസാം സലാം സുപ്രീം കോടതിയിൽ പോയാണ് ആഭ്യന്തര കുറ്റവാളിയുടെ റിലീസിലേക്ക് ആസ്പദമായ ഉത്തരവ് നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആസിഫ് അലി അവതരിപ്പിക്കുന്ന സഹദേവൻ എന്ന കഥാപാത്രത്തിന്റെ കല്യാണവും തുടന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഇന്ത്യയിലെ തിയേറ്റർ വിതരണം ഡ്രീം ബിഗ് ഫിലിംസും വിദേശത്ത് ഫാർസ് ഫിലിംസും ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയത്.
തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ്.