ലക്നോ: ഐസിസി ട്വന്‍റി-20, ഏകദിന ലോകകപ്പ് കിരീടങ്ങള്‍ നേടിയ ഇന്ത്യൻ ടീം അംഗം ലെഗ് സ്പിന്നർ പീയൂഷ് ചൗള ക്രിക്കറ്റില്‍നിന്നും പൂർണമായി വിരമിച്ചു.ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരില്‍ ഒരാള്‍ കൂടിയായ ഈ ഉത്തർപ്രദേശുകാരൻ സോഷ്യല്‍ മീഡിയയിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
2007 ട്വന്‍റി-20, 2011 ഏകദിന ലോകകപ്പുകളില്‍ ഇന്ത്യ കപ്പുയർത്തിയപ്പോള്‍ ടീമിന്‍റെ ഭാഗമായിരുന്നു. മുപ്പത്താറുകാരനായ പീയൂഷ് ചൗള പഞ്ചാബ് കിംഗ്സ്, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ് ടീമുകളിലായി 192 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചു. 192 വിക്കറ്റ് നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐപിഎല്‍ ചരിത്രത്തിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമനായ ചൗള 2024 സീസണില്‍ മുംബൈക്കായാണ് അവസാനം കളിച്ചത്. 2014 സീസണില്‍ ബംഗളൂരുവിനെ തകർത്ത് കോല്‍ക്കത്ത കപ്പുയർത്തുന്പോള്‍ വിജയ റണ്‍ കുറിച്ച ഗൗതം ഗംഭീറിനൊപ്പം ക്രീസില്‍ ചൗളയുമുണ്ടായിരുന്നു.
ഇന്ത്യക്കായി മൂന്ന് ടെസ്റ്റ്, 25 ഏകദിനം, ഏഴ് ട്വന്‍റി-20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 43 വിക്കറ്റുകള്‍ നേടി. 2005-06ല്‍ ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ തന്‍റെ ആദ്യ വിക്കറ്റായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കറെ വീഴ്ത്തിയാണ് ചൗള ദേശീയ ടീമിലേക്കുള്ള യാത്രയ്ക്കു തുടക്കമിട്ടത്. ആഭ്യന്തര ക്രിക്കറ്റില്‍ 1000 വിക്കറ്റുകളും ചൗള വീഴ്ത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമനാണ് (17 വർഷവും 25 ദിനവും പ്രായം) പീയൂഷ് ചൗള.