ചില സിനിമകൾ അങ്ങനെയാണ്, എത്ര കണ്ടാലും മതിവരില്ല. ആ സിനിമകളിലെ കഥാപാത്രങ്ങളും ഡയലോഗുകളും അടക്കം മനഃപാഠമാണെങ്കിലും വീണ്ടും വീണ്ടും കാണും. അത്തരത്തിലുള്ള ഒരുപിടി മികച്ച സിനിമകൾ മലയാളത്തിലുണ്ടായിട്ടുമുണ്ട്. ആവർത്തിച്ച് കാണാൻ കൊതി തോന്നിപ്പിക്കുന്ന ഈ സിനിമകൾ തിയറ്ററിൽ തന്നെ വീണ്ടും കണ്ടാലോ? ആ ആവേശം വേറൊന്ന് തന്നെയായിരിക്കും. അത്തരത്തിലൊരു സിനിമ രണ്ട് ദിവസമായി തിയറ്ററുകളിൽ റി റിലീസ് ചെയ്തിരിക്കുകയാണ്.
മോഹൻലാൽ നായകനായി എത്തിയ ഛോട്ടാ മുംബൈ ആണ് റി റിലീസായി തിയറ്ററിൽ എത്തിയത്. വൻ ആവേശത്തോടെയാണ് തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ഗാമയെ പ്രേക്ഷകർ സ്വീകരിച്ചത്. മികച്ച ബുക്കിംഗ് മാത്രമല്ല പല തിയറ്ററുകളിലും ലേറ്റ് നൈറ്റ് ഷോകൾ വരെ നടക്കുന്നുണ്ട്. ഈ അവസരത്തിൽ ഛോട്ടാ മുംബൈ രണ്ട് ദിവസം കൊണ്ട് നേടിയ കളക്ഷൻ കണക്ക് പുറത്തുവരികയാണ്. ട്രാക്കിംഗ് സൈറ്റായ സൗത്ത് വുഡിന്റെ റിപ്പോർട്ട് പ്രകാരം രണ്ടാം ദിനം 50 ലക്ഷത്തോളം രൂപയാണ് മോഹൻലാൽ ചിത്രം നേടിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ ദിവസമായ വെള്ളിയാഴ്ച 37 ലക്ഷമായിരുന്നു ഛോട്ടാ മുംബൈ നേടിയത്. രണ്ടാം ദിനം ആയപ്പോൾ അൻപത് ലക്ഷത്തിലേറെ. ഒരു മലയാള റി റിലീസ് ചിത്രം ശനിയാഴ്ച ദിനം ഇത്രയും കൂടുതൽ കളക്ഷൻ നേടുന്നത് ഇതാദ്യമാണ്. ഈ റെക്കോർഡും ഇനി മോഹൻലാലിന് സ്വന്തം. റിപ്പോർട്ടുകൾ പ്രകാരം രണ്ട് ദിവസത്തെ ചിത്രത്തിന്റെ വേൾഡ് വൈഡ് റി റിലീസ് കളക്ഷൻ ഒരു കോടിയാണ്.
22,268ലധികം ടിക്കറ്റുകളാണ് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ ഛോട്ടാ മുംബൈയുടേതായി വിറ്റഴിഞ്ഞതെന്നും സൗത്ത് വുഡ് റിപ്പോർട്ട് ചെയ്യുന്നു. വരും ദിവസങ്ങളിലും മികച്ച കളക്ഷൻ തന്നെ മോഹൻലാൽ ചിത്രത്തിന് നേടാനാകുമെന്നാണ് ട്രാക്കർമാരുടെ വിലയിരുത്തലുകൾ.