ഏറ്റുമാനൂർ: പ്രശസ്ത ടെലിവിഷന്‍ – സിനിമ -നാടക താരവും സംവിധായകനുമായ കോട്ടയം രമേശിന് മികച്ച നടനുള്ള
എസ് പി പിള്ള സ്മാരക അവാർഡ് നൽകുമെന്ന് എസ് പി പിള്ള സ്മാരക ട്രസ്റ്റ് പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ അറിയിച്ചു. അഭിനയ രംഗത്ത് വിവിധ മേഖലകളിൽ നൽകിയിട്ടുള്ള സംഭാവനകളെ മാനിച്ചാണ് അവാർഡിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. കോട്ടയം ജില്ലയിലുള്ള ചലച്ചിത്ര നടന്മാരെയാണ് എസ് പി പിള്ള സ്മാരക പുരസ്കാരത്തിനായി പരിഗണിക്കുന്നത്. കോട്ടയം, തിരുവഞ്ചൂർ സ്വദേശിയാണ് അദ്ദേഹം. ജൂൺ 12 ന് എസ് പി പിള്ള സ്മൃതി ദിന സമ്മേളനത്തിൽ വച്ച് മന്ത്രി വി എൻ വാസവൻ പുരസ്കാരം സമ്മാനിക്കും.
നാടക സംവിധായകനും നടനുമായ അദ്ദേഹം സിനിമയിലെത്തിയത് 1977ല്‍ പുറത്തിറങ്ങിയ ‘താലപ്പൊലി’ എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് ഏതാനും ചില ചലച്ചിത്രങ്ങളിൽ ചെറുതല്ലാത്ത വേഷങ്ങൾ ചെയ്തിരുന്നു. 2022ല്‍ സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഡ്രൈവര്‍ കുമാരന്‍ എന്ന കഥാപാത്രത്തിലൂടെ സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2023 ൽ സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ് ജേതായിരുന്നു .