കോട്ടയം : കോട്ടയം വടവാതൂർ പമ്പിന് സമീപം റോഡിന് സൈഡിലായി ഉണ്ടായിരുന്ന അപകടകരമായ കുഴി മണർകാട് എഎസ്ഐ സുരേഷ് കുമാറിന്റെയും സീനിയർ സിവിൽ പൊലീസ് ഓഫിസർ സുരേഷിന്റെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ അടച്ചു. ഇന്ന് വൈകുന്നേരം ആറുമണിയോടുകൂടിയായിരുന്നു പോലീസിന്റെ നേതൃത്വത്തിൽ കുഴിയടച്ചത്. പോലീസിന് സഹായമായി നാട്ടുകാരും കൂടെ കൂടിയതോടെ പണികൾ വേഗം പൂർത്തിയാക്കി. കഴിഞ്ഞ കുറേ നാളുകളായി വടവാതൂർ പമ്പിനു സമീപത്തെ റോഡിന്റെ സൈഡിൽ ആയി വലിയ രീതിയിൽ കുഴികൾ രൂപപ്പെട്ടു തുടങ്ങിയിട്ട്.
പല ദിവസങ്ങളിലും സ്കൂട്ടർ യാത്രക്കാർ ഉൾപ്പെടെ ഈ കുഴിയിൽ വീണ് പരിക്കേൽക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്.നാട്ടുകാർ ഉൾപ്പെടെ പലതവണ പരാതികൾ നൽകിയിട്ടും യാതൊരു ഫലവും ഉണ്ടായില്ല. എന്നാൽ റോഡ് സൈഡിലെ കുഴി വലിയ അപകടക്കെണിയായി മാറിയതോടെയാണ് മണർകാട് എഎസ്ഐ സുരേഷ് കുമാറിന്റെയും സീനിയർ സിവിൽ പൊലീസ് ഓഫിസർ സുരേഷിന്റെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ കുഴികളിൽ കല്ലുകളും മണ്ണുമിട്ട് നേരെയാക്കിയത്.