കൊളംബോ : ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നജ്മുള്‍ ഹൊസൈൻ ഷാന്റോയും മുഷ്ഫിഖർ റഹീം ചേർന്ന് അടിച്ചെടുതത്ത് ചരിത്രനേട്ടം. ഇരുവരും ചേർന്ന ഇനിയും പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇതുവരെ 247 റണ്‍സാണ് കൂട്ടിച്ചേർത്തത്. ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശ് താരങ്ങള്‍ ഏറ്റവും ഉയർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണിത്. സമാനമായി മറ്റൊരു ചരിത്ര നേട്ടത്തിന് അരികിലാണ് ബംഗ്ലാദേശ് താരങ്ങള്‍.
20 റണ്‍സ് കൂടി കൂട്ടിച്ചേർക്കാനായാല്‍ ബംഗ്ലാദേശിന് വേണ്ടി നാലാം വിക്കറ്റില്‍ ഏറ്റവും ഉയർന്ന സ്കോർ നേടിയ താരങ്ങളെന്ന റെക്കോർഡ് ഷാന്റോയ്ക്കും മുഷ്ഫിഖറിനും തകർക്കാൻ കഴിയും. 2018ല്‍ മിർപൂരില്‍ സിംബാബ്‍വെയ്ക്കെതിരെ മുഷ്ഫിഖർ റഹീമും മൊമിനള്‍ ഹഖും ചേർന്ന് നേടിയ 266 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് നിലവിലെ റെക്കോർഡ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. നജ്മുള്‍ ഹൊസൈൻ ഷാന്റോയുടെയും മുഷ്ഫിഖർ റഹീമിന്റെയും സെഞ്ച്വറി മികവിലാണ് ബംഗ്ലാദേശ് മികച്ച സ്കോറിലെത്തിയത്. ഇരുവരും പുറത്താകാതെ നില്‍ക്കുകയാണ്. ആദ്യ ദിവസം മത്സരം നിർത്തുമ്ബോള്‍ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സെന്ന നിലയാണ്.
‘ബിസിസിഐയുടെ മനസില്‍ ഞാനായിരുന്നു ക്യാപ്റ്റൻ, പക്ഷേ എനിക്ക് ടീമാണ് വലുത്’: ജസ്പ്രീത് ബുംമ്ര
നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വലിയ തകർച്ചയെയാണ് ബംഗ്ലാദേശ് ടീം മുന്നില്‍ കണ്ടത്. 45 റണ്‍സില്‍ എത്തിയപ്പോഴേയ്ക്കും മൂന്ന് വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായിരുന്നു. ഷദ്മാൻ ഇസ്ലാം 14 റണ്‍സോടെയും മൊമിനൂള്‍ ഹഖ് 29 റണ്‍സോടെയും പുറത്തായി. അനമുള്‍ ഹഖിന് റണ്‍സെടുക്കാൻ സാധിച്ചില്ല.
നാലാം വിക്കറ്റില്‍ ഷാന്റോയും റഹീമും ഒത്തുചേർന്നതോടെയാണ് ബംഗ്ലാദേശ് സ്കോർ മുന്നോട്ട് നീങ്ങിയത്. 260 പന്തില്‍ 14 ഫോറും ഒരു സിക്സറും സഹിതം ഷാന്റോ 136 റണ്‍സുമായി ക്രീസിലുണ്ട്. 186 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 105 റണ്‍സുമായാണ് മുഷ്ഫിഖർ ബാറ്റിങ് തുടരുന്നത്. ഇരുവരും ചേർന്ന പിരിയാത്ത നാലാം വിക്കറ്റില്‍ ഇതിനോടകം 257 റണ്‍സ് കൂട്ടിച്ചേർത്തുകഴിഞ്ഞു. ശ്രീലങ്കൻ ബൗളിങ് നിരയില്‍ തരിന്ദു രത്നായകെ രണ്ടും അസിത ഫെർണാണ്ടോ ഒരു വിക്കറ്റും വീഴ്ത്തി.