നട്ടുച്ചയ്ക്കും കൈ കോച്ചുന്ന തണുപ്പ്!!! അരിച്ചിറങ്ങുന്ന തണുപ്പിന്റെ തണൽപറ്റി മൂന്നാർ പട്ടണത്തെ മുറിച്ചൊഴുകുന്ന മുതിരപ്പുഴയാർ കടന്ന് സേതുപാർവതിപുരത്തേയ്ക്ക് ഒരു യാത്ര..! അധികമാരുമറിയാത്ത , ആരും സഞ്ചരിക്കാത്ത വഴിയിലൂടെ പ്രവീൺ നെടുങ്കുന്നം നടത്തിയ യാത്രയുടെ വഴികൾ

യാത്രാ വഴി

Advertisements
പ്രവീൺ നെടുങ്കുന്നം

മൂന്നാർ പട്ടണത്തെ മുറിച്ചൊഴുകുന്ന മുതിരപ്പുഴയും കടന്ന് വട്ടവടയ്ക്ക് നീളുന്ന പാതയിലൂടെ മാട്ടുപ്പെട്ടി ഡാമും പിന്നിട്ട് വളഞ്ഞും പുളഞ്ഞും മുന്നോട്ട് നീങ്ങുന്ന വഴിയിലൂടെ ഞങ്ങളുടെ വണ്ടി പൊയ്‌ക്കൊണ്ടേയിരുന്നു.
അപ്പോഴൊക്കെ അതിലിരുന്ന് അൻപ് തോഴൻ കോശി എന്ന കോശി എ. കാഞ്ഞൂപ്പറമ്പൻ കോശി ആന്റണി എറണാകുളത്തെ തന്റെ ഇടപാടുകാരുമായി ഫോണിലൂടെ ബിസിനസ്സ് കാര്യങ്ങൾ നീക്കുന്നുണ്ടായിരുന്നു.
സമയം ഒരുമണി കഴിഞ്ഞിരിക്കുന്നു.മാട്ടുപ്പെട്ടിയിലുള്ള ദേവികുളം പഞ്ചായത്തിന്റെ ആസ്ഥാന മന്ദിരത്തിന് സമീപത്തെ ചെറു ഭക്ഷണശാലയിൽ നിന്നും മൂന്നാൾക്കുള്ള ചോറും കൂട്ടാനും പൊതികെട്ടി വാങ്ങി വണ്ടിയിൽ വച്ച് വീണ്ടും യാത്ര തുടർന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താമസിയാതെ ‘ചാരായക്കട’ മുക്കിൽ വച്ച് വട്ടവട റൂട്ടിനോട് വിടപറഞ്ഞ് വണ്ടി കുണ്ടള ഡാമിന്റെ മുകളിലെ വീതികുറഞ്ഞ പാതയിലൂടെ സേതുപാർവതീപുരം എന്ന എസ്.പി. പുരത്ത് എത്തി.വഴിയിലും ജലാശയത്തിന്റെ ഓരത്തും നല്ല തിരക്ക്.
കുണ്ടള ഡാമിൽ എത്തുന്ന സഞ്ചാരികളിൽ ഏറിയപങ്കും ചെലവിടുന്ന സ്ഥലമാണെങ്കിലും അധികമാർക്കും പരിചിതമല്ലാത്ത പേരാണ് സേതുപാർവതിപുരം.
തിരുവിതാംകൂർ രാജ്ഞി റാണി സേതുപാർവതീഭായിയുടെ പേരിൽ പണി തീർത്തിട്ടുള്ള ഡാമിൽ പള്ളിവാസൽ ജലവൈദ്യുതി പദ്ധതിക്കായി ശേഖരിക്കപ്പെട്ടിട്ടുള്ള വെള്ളമാണുള്ളത്.
മാട്ടുപ്പെട്ടിയിലെപ്പോലെ
സംസ്ഥാന വിദ്യുച്ഛക്തി ബോഡിന്റെ ഹൈഡൽ ടൂറിസം പദ്ധതി ഇവിടെയുണ്ട്.കുണ്ടളയിൽ വരുന്ന സഞ്ചാരികളെല്ലാം ഇവിടെ വന്ന് ശിക്കാരയിലോ പെഡൽ ബോട്ടിലോ സ്പീഡ് ബോട്ടിലോ കയറി അണക്കെട്ടിലെ ജലാശയത്തിലൂടെ ഒരു സഞ്ചാരം.ശേഷം പറ്റിയാൽ ഒരു കുതിര സവാരി.കഴിഞ്ഞു……
നേരെ തിരികെ വീട്ടിലേക്ക് പോകാത്ത ചിലർ ടോപ് സ്റ്റേഷനിലേക്കോ അവിടെ നിന്നും വീണ്ടും വട്ടവടയിലേക്കോ യാത്ര തുടർന്നാലായി…

എന്നാൽ ഞങ്ങളുടെ യാത്ര തുടങ്ങുന ഇടമാണിത്. സഞ്ചാരികളുടെ തിരക്കിൽ നിന്നും മാറി യൂക്കാലിപ്റ്റ്‌സ് മരത്തിന്റെ തണലുപറ്റി ഐഡിയ നമ്പരുളള ഫോണിലേക്ക് നോക്കി വിഷമിച്ചു നിൽക്കുന്ന കോശിക്ക് ബി എസ് എൻ എൽ നമ്പരുള്ള ഫോൺ കൊടുത്തപ്പോൾ ഇത്തിരി ആശ്വാസമായി.കുണ്ടളയിലെ ഹൈഡൽ ടൂറിസം ജീവനക്കാരനും സുഹൃത്തുമായ രാജേഷ് മുൻപോട്ടുള്ള കാട്ടുപാതയുടെ സ്വഭാവവും ദൂരവും ദിക്കും ഒക്കെ പറഞ്ഞു തന്ന് ‘നാളെ തിരികെ വരുമ്പോൾ കാണാം’ എന്നു പറഞ്ഞ് ഞങ്ങളെ യാത്രയാക്കി.

കുണ്ടളയിൽ നിന്നും തുടങ്ങി മന്നവൻ ചോലയിലൂടെ കാന്തല്ലൂരിലേക്ക് നീളുന്ന 20 കിലോമീറ്റർ കാട്ടുപാതിയിലൂടെ ഞാനും സുദീപ് സോമദാസും കോശിയും മെല്ലെ യാത്ര തുടർന്നു.ഒരു കാറിന് കഷ്ടിച്ച് നീങ്ങാനുള്ള ഇടം മാത്രം അവശേഷിപ്പിച്ച് വഴിയുടെ ഇരുവശത്തും ആളോളമുയരത്തിൽ പേരറിയാത്ത കാട്ടുചെടികൾ പൂത്തും തളിർത്തും വളർന്നു നിൽക്കുന്നുണ്ട്.അവ കാറിന്റെ
ഇരുവശങ്ങളിലും നീളത്തിലുള്ള അടയാളപ്പെടുത്തലുകൾ രേഖപ്പെടുത്താനായി കാത്തുനിൽക്കുകയാണോ എന്ന് തോന്നിപ്പോയി.അവസാനത്തെ അറ്റകുറ്റപ്പണി എന്ന് നടന്നു എന്ന് ഊഹിച്ചെടുക്കാൻ കഴിയാത്ത തരത്തിലായിരുന്നു പാതയുടെ ചില ഭാഗങ്ങൾ.പാതയോരത്ത് കണ്ട ദൂരം രേഖപ്പെടുത്തിയ ശിലാഫലകങ്ങൾ പറയുന്നത് ഇത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പാതയാണെന്നാണ്.
കൃത്യം നാല് കിലോമീറ്റർ ഓടിക്കഴിഞ്ഞപ്പോൾ നാലുംകൂടിയ ഒരു മുക്കിലെത്തി.ഇടവും വലവും ഒഴിവാക്കി നേരെയുളള വഴിയിലൂടെ പോകണമെന്ന് രാജേഷ് നേരത്തെ
പറഞ്ഞിരുന്നു.വലത്തോട്ട് പോകുന്ന
വഴി ചെണ്ടുവരൈ, പഴത്തോട്ടം, ചിലന്തിയാർ എന്നിവിടങ്ങളിലേക്കാണ്.
കുണ്ടള ഈസ്റ്റ് ഡിവിഷനിലേക്കാണ് ഇടത്തു വശത്തെ പാത നീളുന്നത്.ഇടയ്ക്ക് എവിടെയോ വച്ച് കിഴക്കേ ചരിവിന്റെ താഴ് വാാരത്ത് എല്ലപ്പെട്ടി ഗ്രാമത്തിലെ തകരക്കൂനകൾ പച്ചപ്പിനിടയിൽ വെള്ളപ്പൊട്ടുകളായി ചിതറിക്കിടക്കുന്നത് കണ്ടു.വഴിയുടെ ഇരുവശത്തുമുള്ള ഭൂമി ടാറ്റയുടെ കൈവശത്തിലുള്ളതാണ്.അങ്ങനെ കയറ്റവും വളവുകളും അറ്റകുറ്റപ്പണികൾ അവശേഷിക്കുന്നതുമായ പാതയിലൂടെ മുക്കാൽ മണിക്കൂർ കൊണ്ട് എട്ട് കിലോമീറ്റർസഞ്ചരിച്ച് അവസാനം ഞങ്ങളുടെ ലക്ഷ്യസ്ഥാനമായ മെഹ്താപ് അഥവാ മത്താപ്പ് ചെക്ക് പോസ്റ്റിൽ എത്തി.(മത്താപ്പിന് നിലാവ് എന്നും ചന്ദിക എന്നുമൊക്കെയാണ് മലയാള നിഘണ്ടു പറയുന്ന അർത്ഥങ്ങൾ!) ഞങ്ങൾ സഞ്ചിരിച്ച പൊതുമരാമത്ത് വകുപ്പിന്റെ പാത അവിടെ അവസാനിക്കുകയാണ്.മന്നവൻ ചോലയും ഇടിവരച്ചോലയും പുല്ലരടിച്ചോലയും ഉൾപ്പെടുന്ന ആനമുടിദേശീയോദ്യാനം അവിടെ തുടങ്ങുന്നു.ഇവിടെ നിന്നും കാനനപാത മന്നവൻ ചോലയുടെ കുളിർമ്മയിലേക്ക് ഊളിയിട്ടിറങ്ങി പെരുമലയിലേക്കും കാന്തല്ലൂരിലേക്കും നീളുകയായി.ഇനിയുള്ള പാത സംരക്ഷിത വനത്തിലൂടെയായതിനാൽ വനം വകുപ്പിനും കുടികളിലെ താമസക്കാർക്കും മാത്രമാണ് മുൻകൂട്ടി അനുമതി ഇല്ലാതെ യാത്ര ചെയ്യാവുന്നത്.ഇവിടെയാണ് ഞങ്ങൾ www.munnarwildlife.com ലൂടെ ഓൺലൈൻ ബുക്കിങ് നടത്തി താമസിക്കാൻ തീരുമാനിച്ചിട്ടുള്ള മരത്തടിവീട്.

എൻ എം ആർ വാച്ചറായ സതീഷ് ആയിരുന്നു അപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഞങ്ങളുടെ ബുക്കിങ്ങ് പരിശോധിച്ച് വാഹന നമ്പർ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം വാച്ചർ ഷെഡിന് പിന്നിലുള്ള മലമുകളിൽ ഞങ്ങൾക്ക് രാപ്പാർക്കാനുളള വീട് ചൂണ്ടിക്കാട്ടി.ചെക്ക് പോസ്റ്റിൽ നിന്നും ഒരുവഴി കിഴക്കോട്ട് പിരിഞ്ഞ് പോകുന്നുണ്ട്. കാടിന്റെ സ്വന്തം മക്കൾ താമസിക്കുന്ന കൂടലാറ് കുടി, സ്വാമിയാർഅള കുടി, വലസിപ്പെട്ടി എന്നീ മുതുവാൻ കുടികളിലേക്കാണ് ആ വഴി നീളുന്നത്. ആ വഴിക്ക് സമാന്തരമായി നീളുന്ന കുന്നിൻ മുകളിലേക്ക് ഞങ്ങൾ മെല്ലെ വണ്ടി ഓടിച്ച് കയറ്റി. ആ പ്രദേശത്തെ ഏറ്റവും ഉയരമുളള സ്ഥലത്തായിരുന്നു സംസ്ഥാന വനംവകുപ്പ് പരിസ്ഥിതി സൗഹൃദപരമായി പണികഴിപ്പിച്ചിരുന്ന ആ മരത്തടിവീട്.പൂമുഖവും ഒരു കിടപ്പറയും അതിനോട് ചേർന്ന് ശുചിമുറിയുമുള്ള പരിമിതമായ സൗകര്യങ്ങൾ മാത്രം.സൗരോർജ്ജം കൊണ്ട് പ്രകാശിക്കുന്ന വിളക്കുകൾ. ഉയരത്തിലുള്ള ഏതോ മലമുകളിൽ നിന്നും കുഴലിലൂടെ എത്തുന്ന ശുദ്ധജലം മുറ്റത്തിന് കോണിലെ മൺതിട്ടയിൽ ഉറപ്പിച്ചിരിക്കുന്ന സംഭരണിയിൽ വീണ് തുളുമ്പി ഒഴികിക്കൊണ്ടേയിരിക്കുന്നു.വെള്ളം കൈക്കുമ്പിളിൽ പിടിച്ച് മുഖം കഴുകി.നട്ടുച്ചയ്ക്കും കൈ കോച്ചുന്ന തണുപ്പ്

കയ്യിൽ കരുതിയ പൊതിച്ചോറുണ്ട് താമസ സ്ഥലത്തിന് വെളിയിലേക്കിറങ്ങി.നിയന്ത്രിത മേഖലയായതിനാൽ ചുറ്റിക്കറങ്ങി നടക്കാൻ പരിമിതമായ സ്ഥലം മാത്രം.മുറ്റത്തിന്റെ വടക്കു കിഴക്കേ കോണിൽ ഒരു കാട്ടുപൂവരശ് അഥവാ റോഡോഡെൻഡ്രോൺ പൂത്ത് നിൽക്കുന്നുണ്ട്.കിഴക്കു വശത്ത് പണിതുയർത്തിയിട്ടുള്ള കരിങ്കൽ സംരക്ഷണഭിത്തിയുടെ അപ്പുറത്തുമുണ്ട് പൂവിട്ട് നിൽക്കുന്ന ചെറുതും വലുതുമായ അനേകം റോഡോഡെൻഡ്രോൺ ചെടികൾ.മീശപ്പുലിമലയുടെ താഴ്വാരത്തിലെ റോഡോവാലിയും നിറയെ പൂത്തുനിൽക്കുന്ന മരങ്ങളും മനസ്സിൽ വന്നു.

സതീഷിനൊപ്പം ഞങ്ങൾ തിരികെ കുന്നിറങ്ങി.സിവിൽ ഡിപ്ലോമ ബിരുദധാരിയാണയാൾ.കാട്ടറിവുകൾക്കൊപ്പം നാട്ടറിവുകളും ഉള്ള ഇരുപത്തെട്ടുകാരൻ.കാന്തല്ലൂരിലെ കുളച്ചിവയൽ കുടിക്കാരനായ സതീഷ് വീടിനോട് ചേർന്നുള്ള സ്ഥലത്ത് പരമ്പരാഗത വിത്തിനങ്ങൾ ഉപയോഗിച്ചുള്ള കൃഷിയും വനം വകുപ്പിലെ താൽക്കാലിക ജോലിയും ചെയ്ത് ജീവിതം കൊണ്ടുപോകുകയാണ്.
കാടും കുടിയും വിട്ടൊരു ജീവിതം വേണ്ടെന്നാണത്രേ അച്ഛന്റെ തീരുമാനം.തനതിനെ നിലനിർത്താനും തലമുറ കൈമാറാനുമുള്ള ചിന്തയിൽ ഇനിയും വെള്ളം ചേർക്കാൻ തയ്യാറാകാത്ത കാടിന്റെ സ്വന്തം മക്കൾ…

ചെക്ക് പോസ്റ്റിലെ വാച്ചർ ഷെഡിന് പിന്നിലുള്ള വാച്ച്ടവറിലേക്കാണ് സതീഷ് ഞങ്ങളെ കൊണ്ടുപോയത്.ചരിവ് തീരെയില്ലാത്ത കോണിപ്പടികളിലൂടെ പിൻതിരിഞ്ഞ് നോക്കാതെ മുകളിലെത്തി.അവിടെ നിന്നുള്ള ജനാലക്കാഴ്ചകൾ വർണ്ണനയ്ക്ക് വിഷയമാക്കുന്നത് കവിത വായിച്ച് അർത്ഥം വിശദമാക്കുന്ന പോലുളള ഒരു ഏർപ്പാടായാണ് തോന്നുന്നത്.നേരിട്ട് കണ്ട് ആസ്വദിച്ച് അനുഭവിക്കേണ്ടുന്ന കാണാക്കാഴ്ചകളാണ് അവയൊക്കെയും.

പോക്കുവെയിലിൽ തിളങ്ങുന്ന ഇലച്ചാർത്തുകളുടെ വർണ്ണവൈവിധ്യം മലമടക്കുകിൽ വീശുന്ന നാലുമണിക്കാറ്റിൽ ഇളകിയാടി നിന്നു.പ്രകൃതി എന്ന കലാകാരന് നിറക്കൂട്ടുകൾക്കുണ്ടോ പഞ്ഞം.സമുദ്രനിരപ്പിൽ നിന്നും 1800 മീറ്റർ ഉയരത്തിൽ പശ്ചിമഘട്ടത്തിന്റെ നിമ്‌ന്നോന്നതങ്ങളിൽ ഇടതൂർന്ന് വളരുന്നതും അധികം ഉയരത്തിൽ വളരാത്തതുമായ മരങ്ങളുടെ നിത്യഹരിതശോഭയാണ് ആ ഇലച്ചാർത്തുകളിൽ പ്രകൃതി എഴുതിച്ചേർത്തിരിക്കുന്നത്.
ആ ഹരിതാഭയുടെ തണലിലൂടെ സൂര്യകിരണങ്ങൾ ചെന്നെത്താൻ പാടുപെടുന്ന ഇടങ്ങളിലൂടെ ചോലവനങ്ങളുടെ സ്വന്തക്കാരായ ആനയും കടുവയും പുലിയും കാട്ടിയും (കാട്ടുപോത്ത്) സൈ്വരവിഹാരം നടത്തുന്നുണ്ടാവണം.

ചോലമരക്കാടുകളുടെ അതിർത്തി പലപ്പോഴും പുൽമേടുകളുടെ അതിർത്തി കൂടിയായിരിക്കും.
പ്രധാന കാടിന് അനുബന്ധമായി ചെറുതുരുത്തുകൾ പോലെ ഒറ്റപ്പെട്ടും ചോലമരക്കൂട്ടങ്ങൾ അങ്ങിങ്ങ് കാണുന്നുണ്ട്.ഒക്കെയും പുൽമേടുകളുമായി അതിർത്തി പങ്കിടുന്നുമുണ്ട്.ചോലക്കാടുകളോട് ചേർന്ന് കിടക്കുന്ന ആ പുൽമേടുകളാവട്ടെ സഞ്ചിതവും സമീകൃതവുമായ ഒരു ആവാസ വ്യവസ്ഥയുടെ ഒഴിച്ചു കൂടാനാകാത്ത ഇടം കൂടിയാണ്.
നോട്ടം വടക്ക് കിഴക്കൻ ദിശയിലേക്ക് തിരിച്ചാൽ കൂട്ടായും ചിതറിയും കിടക്കുന്ന ഒട്ടേറെ ജനവാസകേന്ദ്രങ്ങൾ കാണാം. മറയൂരും കാന്തല്ലൂരും ഒക്കെ ഇതിൽ പെടും.മറയൂരിന്റെ വടക്കേ മലഞ്ചെരിവുകളിലെ കുടികൾ മുഖ്യധാരാ ജനജീവിതത്തിൽ നിന്നായാലും തൊട്ടടുത്തുള്ള കുടിയിൽ നിന്നായാലും എത്ര ദൂരത്താണെന്ന് മനസ്സിലാകുന്നത് ഈ ദൂരക്കാഴ്ച ഒന്നുകൊണ്ട് മാത്രമാണ്.ഇനി മലയാളക്കര വിട്ട് നോട്ടം തമിഴകത്തേക്ക് നീട്ടിയാൽ കിഴക്കോട്ടൊഴുകുന്ന നമ്മുടെ പാമ്പാറിലെ വെള്ളം അമരാവതിയിലെ അണക്കെട്ടിൽ പോക്കുവെയിലിൽ തിളങ്ങുന്ന കാഴ്ചയും കാണാം.

പച്ചക്കരിമ്പടത്തിന് മുകളിൽ നിന്നും വെയിൽ ഏറെക്കുറെ വിടവാങ്ങി.
വാച്ച്ടവറിന്റെ ജാലകത്തിലൂടെ
തണുപ്പ് അരിച്ച് കയറാൻ തുടങ്ങി.അവിടെ നിന്നിറങ്ങി താമസസ്ഥലത്തേക്ക് നടന്നപ്പോൾ കുടിയിൽ നിന്നും ഒരു ജീപ്പ് കാന്തല്ലൂരിലേക്ക് തിരിഞ്ഞ് പോയി.കോവിൽക്കടവ് ക്ഷേത്രത്തിൽ ശിവരാത്രി കൂടാൻ പോകുന്ന സംഘമാണതെന്ന് സതീഷ് പറഞ്ഞു.മുറിയിലെത്തിയതും ആനമുടിയിലെ കുംഭക്കുളിരിൽ നിന്ന് രക്ഷപ്പെടാൻ കയ്യിലുണ്ടായിരുന്ന കമ്പിളിക്കുപ്പായങ്ങൾ തിടുക്കത്തിൽ വലിച്ചു കയറ്റി ഇരിപ്പായി…
താമസിയാതെ ചൂടു കഞ്ഞിയോടൊപ്പം ഞങ്ങൾ കയ്യിൽ കരുതിയിരുന്ന ചപ്പാത്തി ചൂടാക്കിയതും കറിയുമായി വാച്ചർ ശബരിയും സതീഷും കൂടി എത്തി.അത്താഴം കഴിഞ്ഞ് തെല്ലുനേരം പായാരം പറഞ്ഞ് പൂമുഖത്തിരുന്നു. ചുറ്റുമുള്ള നിശ്ശബ്ദതയുടെ ആഴത്തിൽ കറുത്തപക്ഷത്തിലെ കാടകം അലിഞ്ഞുചേർന്ന് കഴിഞ്ഞിരുന്നു..ഞങ്ങളും മെല്ലെ കമ്പിളിപ്പുതപ്പിനുള്ളിലേക്ക് നുഴഞ്ഞ് കയറി.മെല്ലെ കണ്ണുകൾ അടച്ചെങ്കിലും ഇരുട്ടി വെളുക്കുമ്പോൾ ചെണ്ടുവരൈക്ക് മുകളിലൂടെ ഉയർന്നു വരുന്ന പ്രഭാത കിരണങ്ങളായിരുന്നു മനസ്സിൽ…

Hot Topics

Related Articles