ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോള്‍ ടൂർണമെന്റില്‍ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന് തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബ്രസീലിയൻ ക്ലബ് ഫ്ലൂമിനൻസിനോടാണ് മിലാന്റെ തോല്‍വി.ഫ്ലൂമിനൻസിനായി ജർമ്മൻ കാനോ, ഹെർകുലീസ് എന്നിവരാണ് വലചലിപ്പിച്ചത്. പരാജയത്തോടെ ഇന്റർ മിലാൻ ക്ലബ് ലോകകപ്പില്‍ നിന്ന് പുറത്തായി.
മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ പിറന്നു. പോസ്റ്റിന് വലതുവശത്ത് നിന്ന് ജോണ്‍ ഏരിയാസ് നല്‍കിയ പാസ് തകർപ്പൻ ഒരു ഹെഡറിലൂടെ കാനോ വലയിലാക്കി. ആദ്യ പകുതിയില്‍ കൂടുതല്‍ സമയം പന്ത് തട്ടിയത് ഇന്റർ മിലാൻ താരങ്ങളായിരുന്നു. എന്നാല്‍ ഗോള്‍ അവസരങ്ങള്‍ നിർമിച്ചതിനൊപ്പവും മികച്ച പ്രതിരോധവുമാണ് ഫ്ലൂമിനൻസിന് ആദ്യ പകുതിയില്‍ തുണയായത്. 40-ാം മിനിറ്റില്‍ ഇഗ്നാഷ്യോ ഒലിവറോ ഫ്ലൂമിനൻസിനായി വലചലിപ്പിച്ചെങ്കിലും ഓഫ്സൈഡ് നിയമത്തില്‍ കുരുങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം പകുതിയില്‍ ഇന്റർ മിലാൻ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍വല ചലിപ്പിക്കാൻ കഴിഞ്ഞില്ല. ഒടുവില്‍ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ 93-ാം മിനിറ്റില്‍ ഹെർകുലീസിന്റെ ഗോള്‍ പിറന്നു. ബോക്സിന് പുറത്ത് കിട്ടിയ ബോള്‍ ഇടംകാല്‍ ഷോട്ടുകൊണ്ട് താരം വലയിലാക്കുകയായിരുന്നു. പിന്നാലെ ലോങ്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ക്ലബ് ലോകകപ്പിലെ വലിയ അട്ടിമറികളിലൊന്ന് സംഭവിക്കുകയും ചെയ്തു.