ലോഡ്സ്: ഇന്ത്യയുടെ ലോക ഒന്നാം നമ്പർ പേസർ ബുംറയുടെ ആക്രമണത്തിന് മുന്നിൽ പതറി ഇംഗ്ലണ്ട്. മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം മൂർച്ച നഷ്ടപ്പെട്ട ബുംറ , രണ്ടാം ദിനം വർദ്ധിത വീര്യത്തോടെ കടന്നാക്രമിച്ചപ്പോൾ, ഇംഗ്ലണ്ടിന്റെ നാല് ബാറ്റർമാരാണ് കടപുഴകി വീണത്. വമ്പൻ സ്കോറിലേയ്ക്കു കുതിച്ചുകൊണ്ടിരുന്ന ഇംഗ്ലണ്ടിനെ കിതപ്പിച്ചു നിർത്തിയത് ബുംറയുടെ ആക്രമണമാണ്. ആദ്യ ഇന്നിംങ്സിൽ ഇംഗ്ലണ്ടിന്റെ എല്ലാവരും 387 ന് പുറത്തായി.
രണ്ടാം ദിനത്തിലെ ആദ്യ പന്തിൽ തന്നെ സെഞ്ച്വറി നേടിയ ജോറൂട്ട് ഇംഗ്ലണ്ടിനെ വൻ സ്കോറിൽ എത്തിക്കുമെന്ന പ്രതീതി നൽകി. ഇന്ത്യയുടെ സ്റ്റാർ ബൗളറെ തന്നെ ബൗണ്ടറി കടത്തിയാണ് റൂട്ട് സെഞ്ച്വറി തികച്ചത്. എന്നാൽ, അഞ്ചാം വിക്കറ്റായി ബെൻ സ്റ്റോക്ക്സിനെ (44) ക്ലീൻ ബൗൾ ചെയ്ത ബുംറ വരാനിരിക്കുന്ന അപകടത്തിന്റെ സൂചന ഇംഗ്ലണ്ട് ക്യാമ്പിന് നൽകി. ഇംഗ്ലീഷ് സ്കോർ 260 ൽ നിൽക്കെയാണ് സ്റ്റോക്ക്സിനെ ബുംറ പുറത്താക്കിയത്. ബുംറയുടെ പന്തിന് മുന്നിൽ മുട്ട് സാഷ്ടാംഗം പ്രണമിച്ചാണ് സ്റ്റോക്ക്സ് മടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
271 ൽ ജോ റൂട്ടിനെ(104) വീഴ്ത്തിയ ബുംറ, തൊട്ടടുത്ത പന്തിൽ ക്രിസ് വോക്സിനെ (0) ധ്രുവ് ജുവറലിന്റെ കയ്യിൽ എത്തിച്ചു. 260 ന് നാല് എന്ന നിലയിൽ നിന്നും 271 ന് ഏഴ് എന്ന നിലയിലേയ്ക്ക് ഇംഗ്ലണ്ട് അതിവേഗമാണ് കടപുഴകിയത്. എന്നാൽ, ജാമി സ്മിത്തും (51), ബ്രേണ്ടൻ ക്രേസും (56) ചേർന്നുള്ള കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ 350 കടത്തി. സ്മിത്തിനെ വീണ്ടും ജുവറലിന്റെ കയ്യിൽ എത്തിച്ച് സിറാജ് ആഞ്ഞടിച്ചതോടെ ആ കൂട്ടു കെട്ട് പിരിഞ്ഞു. ഈ സമയം 355 മാത്രമായിരുന്നു ഇംഗ്ലീഷ് സ്കോർ. 370 ൽ ആർച്ചറെ (4) ക്ലീൻ ബൗൾഡാക്കി ബുംറ അഞ്ചു വിക്കറ്റ് തികച്ചു. അവസാന വിക്കറ്റായി ബ്രണ്ടൻ ക്രേസിനെ വീഴ്ത്തിയ സിറാജ് ഇംഗ്ലീഷ് ബാറ്റിംങ് അവസാനിപ്പിച്ചു.
മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് മിന്നൽ തുടക്കം നൽകിയ ജയ്സ്വാൾ (13) ആർച്ചറുടെ പന്തിൽ ബ്രൂക്കിന് ക്യാച്ച് നൽകി മടങ്ങി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 19 റണ്ണിന് ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. മൂന്നു വീതം റണ്ണെടുത്ത് രാഹുലും, കരുൺ നായരുമാണ് ക്രീസിൽ.