ലണ്ടൻ: ലോർഡ്സ് ടെസ്റ്റിനിടെ പരിക്കേറ്റ ഋഷഭ് പന്തിനെതിരേ ‘ബോഡി ലൈൻ’ തന്ത്രം പുറത്തെടുത്ത ഇംഗ്ലണ്ട് ടീമിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനില്‍ ഗാവസ്ക്കർ.ഒന്നാം ദിനം ജസ്പ്രീത് ബുംറയെറിഞ്ഞ പന്ത് പിടിക്കുന്നതിനിടെ ഇടത് ചൂണ്ടുവിരലിനേറ്റ പരിക്കേറ്റ പന്ത് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ധ്രുവ് ജുറെലാണ് ഇന്ത്യയ്ക്കായി വിക്കറ്റിനു പിന്നില്‍ നിന്നത്.
എന്നാല്‍ രണ്ടാംദിനം ഇന്ത്യയ്ക്കായി പന്ത് ബാറ്റിങ്ങിനിറങ്ങിയിരുന്നു. മൂന്നാം ദിനം രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കവെയാണ് ഇംഗ്ലീഷ് ടീം പന്തിനെതിരേ ഷോർട്ട്ബോള് തന്ത്രം പുറത്തെടുത്തത്. മൂന്നാം ദിനം കമന്ററിക്കിടെയാണ് ഇംഗ്ലണ്ടിന്റെ ഈ നിലപാടിനെ ഗാവസ്ക്കർ ശക്തമായി വിമർശിച്ചത്. ഇടതുകൈയിലെ വിരലിന് പരിക്കേറ്റതിനാല്‍ ബുദ്ധിമുട്ടുന്ന ബാറ്റർക്കെതിരേ ഇംഗ്ലണ്ട് നടത്തിയത് സ്പോർട്സ്മാൻ സ്പിരിറ്റിന് ചേരാത്ത കാര്യമാണെന്നും ഗാവസ്ക്കർ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടെസ്റ്റിന്റെ മൂന്നാം ദിനമായ വെള്ളിയാഴ്ച തുടക്കത്തില്‍ തന്നെ ബാറ്റ് ചെയ്യുമ്ബോള്‍ പന്തിന് കൈയില്‍ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. ഷോട്ടുകള്‍ കളിച്ച ശേഷം പരിക്കേറ്റ കൈ ഋഷഭ് പന്ത് കുടയുന്നത് പലപ്പോഴായികണ്ടു. ഇതിനു പിന്നാലെയാണ് ഇംഗ്ലണ്ട്, താരത്തിനെതിരേ തുടർച്ചയായി ബൗണ്‍സറുകളും ഷോർട്ട് ബോളുകളും എറിഞ്ഞത്. ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് എറിഞ്ഞ പന്തുകള്‍ നിരവധി തവണയാണ് പന്തിന്റെ ഇടതുകൈയില്‍ ഇടിച്ചത്. താരത്തിന്റെ ഇടത് തോള് ലക്ഷ്യമാക്കിയായിരുന്നു ഇംഗ്ലണ്ട് ബൗളർമാർ പന്തെറിഞ്ഞത്.
മൂന്നാം ദിനം ആദ്യ സെഷനില്‍ ഇംഗ്ലീഷ് പേസർമാർ എറിഞ്ഞ പന്തുകളില്‍ 60 ശതമാനവും ഷോർട്ട് ബോളുകളായിരുന്നു. പന്തിന്റെ സ്കോറിങ് തടയാൻ കൂടി ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാല്‍ പന്താകട്ടെ ഇംഗ്ലീഷ് ബൗളർമാർക്കെതിരേ റണ്‍സ് കണ്ടെത്തുന്നുമുണ്ടായിരുന്നു. ഇതോടെ താരത്തില്‍ നിന്ന് ഒരു ടോപ് എഡ്ജ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആറ് ഫീല്‍ഡർമാരെ ലെഗ് സൈഡില്‍ നിർത്തി ഇംഗ്ലണ്ട് ഷോർട്ട് ബോള്‍ ആക്രമണം തുടർന്നു. ഇതിനിടെ ഇടതുകൈയില്‍ രണ്ടു തവണ പന്ത് തട്ടി ഋഷഭിന് ഫിസിയോയെ വിളിക്കേണ്ടിയും വന്നു. ഇതോടെയാണ് ഗാവസ്ക്കർ രോഷം പ്രകടമാക്കിയത്.
ഒടുവില്‍ 112 പന്തില്‍ നിന്ന് 74 റണ്‍സെടുത്ത പന്ത് റണ്ണൗട്ടാകുകയായിരുന്നു. നാലാം വിക്കറ്റില്‍ രാഹുലിനൊപ്പം 141 റണ്‍സിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കാനും പന്തിനായി.