കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ പൂരപ്രേമികളെയും ആനപ്രേമികളെയും ഒരു പോലെ ആവേശത്തിലും ആശ്വാസത്തിലുമെത്തിയ വാർത്ത പുറത്തെത്തി. തിരുനക്കരയുടെ സ്വന്തം കൊമ്പൻ തിരുനക്കര ശിവൻ പൂർണ ആരോഗ്യവാൻ..! ആന പൂരത്തിന് തിടമ്പേറ്റാനെത്തുമെന്ന് ഉറപ്പായതോടെ ആനപ്രേമികൾക്കും ആവേശം. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന തിരുനക്കര മഹാദേവക്ഷേത്രത്തിലെ പൂരത്തിനാണ് കൊമ്പൻ തല ഉയർത്തി മുന്നിലുണ്ടാകുക.
മാർച്ച് 23 നാണ് തിരുനക്കര മഹാദേവക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ തിരുനക്കര പൂരം അരങ്ങേറുക. തിരുനക്കര മഹാദേവക്ഷേത്രത്തിലെ ക്ഷേത്രോപദേശക സമിതിയാണ് ഇതു സംബന്ധിച്ചുള്ള പ്രസ്താവന പുറത്തിറക്കിയത്. മദപ്പാടിനെ തുടർന്നു കെട്ടും തറയിൽ കെട്ടിയിരുന്ന കൊമ്പനാണ് ഇക്കുറി പൂരത്തിന് തലപ്പൊക്കം കെട്ടിയിറങ്ങുക. 2019 ലെ പൂരത്തിനാണ് കൊമ്പൻ അവസാനമായി ഇറങ്ങിയത്. ഇതിനു ശേഷം കൊവിഡ് മഹാമാരിയെ തുടർന്ന് ക്ഷേത്രത്തിൽ പൂരം അടക്കമുള്ള ആഘോഷങ്ങൾ ഒന്നും നടന്നിരുന്നില്ല. ഇതിനെയെല്ലാം കുടഞ്ഞെറിഞ്ഞാണ് ഇക്കുറി പൂരത്തിന് കൊഴുപ്പേകാൻ കൊമ്പൻ എത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സാഹചര്യത്തിൽ തിരുനക്കര മഹാദേവനെ ശിരസിലേറ്റി കൊമ്പൻ ശിവൻ മൈതാന മധ്യത്തിലുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മദപ്പാട് മാറിയ ആന പൂർണ ആരോഗ്യ വാനായി കെട്ടും തറയിലുണ്ടെന്നാണ് ക്ഷേത്ര ഉപദേശക സമിതി വ്യക്തമാക്കിയിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് വനം വകുപ്പ് ദേവസ്വം വകുപ്പ് ഡോക്ടർമാർ പരിശോധന നടത്തിയാണ് കൊമ്പന്റെ ആരോഗ്യ സ്ഥിതി ഉറപ്പ് വരുത്തിയത്. ദേവസ്വം ഡോക്ടർമാരുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കൂടി ലഭിച്ചാൽ ഉടൻ തന്നെ ആനയെ എഴുന്നെള്ളിപ്പിക്കും. ആനയെ എഴുന്നെള്ളത്തിന് ഇറക്കണമെന്ന തിരുനക്കര തേവരുടെ ആഗ്രഹമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് തിരുനക്കര മഹാദേവക്ഷേത്രം ഉപദേശകസമതി പ്രസിഡന്റ് ടി സി ഗണേഷ് ജനറൽ സെക്രട്ടറി അജയ് ടി വൈസ് പ്രസിഡന്റ് പ്രദീപ് മന്നകുന്നം എന്നിവർ പ്രസ്താവിച്ചു.