സിഡ്നി : ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്ബരയിലെ തോല്‍വിക്ക് പിന്നാലെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ക്രിക്കറ്റില്‍ നിന്നും വെസ്റ്റ് ഇൻഡീസ് ഒളിച്ചോടേണ്ട സമയമല്ല ഇതെന്നും വിൻഡീസ് ക്രിക്കറ്റിനെ ശക്തിപ്പെടുത്താൻ അടിയന്തര നടപടികള്‍ ഉണ്ടാകുമെന്നും ബോർഡ് പ്രസിഡന്റ് കിഷോർ ഷാലോ പറഞ്ഞു. ‘ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്ബര പരാജയപ്പെട്ടത് ഓരോ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ആരാധകനെയും പോലെ എനിക്കും വേദനാജനകമാണ്.
ഓസ്ട്രേലിയയ്ക്കെതിരായ പരമ്ബര തോറ്റുതുകൊണ്ട് മാത്രമല്ല, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇവിടുത്തെ ജനങ്ങള്‍ക്ക് എല്ലായ്പ്പോഴും അഭിമാനവും ജീവിതത്തിന്റെ ഭാഗവും പ്രതീക്ഷകളുമായിരുന്നു. താരങ്ങള്‍ ഉള്‍പ്പെടെ എല്ലാവർക്കും ഇനി ഉറക്കമില്ലാത്ത രാത്രികളാണ് വരാൻ പോകുന്നത്. കാരണം ഈ തോല്‍വി എല്ലാവരെയും അത്രയധികം വേദനിപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം.’ ഷാലോ കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഓസ്ട്രേലിയയ്ക്കെതിരായ പരമ്ബരയില്‍ വെസ്റ്റ് ഇൻഡീസ് നന്നായി പന്തെറിഞ്ഞു. ഇതോടൊപ്പം വിൻഡീസ് ബാറ്റർമാർ കൂടി മെച്ചപ്പെടണം. നന്നായി കളിക്കാൻ ബാറ്റർമാർക്ക് താല്‍പ്പര്യമുണ്ട്.’ ‘വെസ്റ്റ് ഇൻഡീസ് ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് പിന്തിരിയേണ്ട സമയമല്ല. ഒരു ജനത എന്ന നിലയില്‍ കൂടുതല്‍ അടുത്ത് നില്‍ക്കേണ്ട സമയമാണിത്. ഇത്തരം നിമിഷങ്ങളാണ് ശക്തമായ ഒരു ജനതയെ രൂപപ്പെടുത്തുന്നത്.’ ഷാലോ പ്രതികരിച്ചു.
അടിയന്തര നടപടിയെന്ന നിലയില്‍, ഓസ്‌ട്രേലിയക്കെതിരായ സമീപകാല ടെസ്റ്റ് പരമ്ബര, പ്രത്യേകിച്ച് അവസാന മത്സരം അവലോകനം ചെയ്യാൻ ഒരു അടിയന്തര യോഗം വിളിക്കാൻ ക്രിക്കറ്റ് സ്ട്രാറ്റജി ആൻഡ് ഒഫീഷ്യേറ്റിംഗ് കമ്മിറ്റി ചെയർമാനോട് ഞാൻ നിർദ്ദേശിച്ചിട്ടുണ്ട്. ചർച്ചകള്‍ ശക്തിപ്പെടുത്തുന്നതിനായി, വെസ്റ്റ് ഇൻഡീസിന്റെ എക്കാലത്തെയും മികച്ച മൂന്ന് ബാറ്റർമാരായ സർ ക്ലൈവ് ലോയ്ഡ്, സർ വിവിയൻ റിച്ചാർഡ്സ്, ബ്രയാൻ ലാറ എന്നിവരെ ഞാൻ ക്ഷണിച്ചിട്ടുണ്ട്. കമ്മിറ്റിയില്‍ ഇതിനകം സേവനമനുഷ്ഠിക്കുന്ന മുൻ മഹാരഥന്മാരായ ഡോ. ശിവ്നാരായണ്‍ ചന്ദർപോള്‍, ഡോ. ഡെസ്മണ്ട് ഹെയ്ൻസ്, ഇയാൻ ബ്രാഡ്ഷോ എന്നിവരോടൊപ്പം അവരും ചേരും,’ ഷാലോ വ്യക്തമാക്കി.
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ മൂന്ന് മത്സരങ്ങളിലും വെസ്റ്റ് ഇൻഡീസ് സംഘം പരാജയപ്പെട്ടിരുന്നു. അവസാന മത്സരത്തിന്റെ നാലാം ഇന്നിങ്സില്‍ വെസ്റ്റ് ഇൻഡീസ് സംഘം വെറും 27 റണ്‍സിനാണ് ഓള്‍ഔട്ടായത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറാണിത്. ഇതോടെയാണ് പ്രതികരണവുമായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് നേരിട്ടെത്തിയത്.