ന്യൂഡൽഹി : ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം പുറത്തെടുത്തിട്ടും ഫിറ്റ്നസ് പ്രശ്നങ്ങള്‍ പറഞ്ഞ് തന്നെ ദേശീയ ടീമിന് പുറത്തുനിർത്തിയവർക്ക് മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാൻ.കഴിഞ്ഞ ദിവസം സർഫറാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം കണ്ട് ക്രിക്കറ്റ് പ്രേമികളെല്ലാം ഞെട്ടിയിരിക്കുകയാണ്. 17 കിലോ ശരീരഭാരം കുറച്ച് കിടിലൻ ലുക്കിലാണ് സർഫറാസ് ഇപ്പോള്‍. കഴിഞ്ഞ രണ്ടു മാസത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് താരം 17 കിലോ കുറച്ചത്.
ആഭ്യന്തര ക്രിക്കറ്റില്‍ തകർപ്പൻ പ്രകടനം തുടരുമ്ബോഴും താരത്തിന്റെ ഫിറ്റ്നസിനെ ചോദ്യം ചെയ്യുന്ന നിരവധി വിമർശകർ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച സർഫറാസിന് കളിക്കാൻ അവസരം ലഭിച്ചെങ്കിലും പക്ഷേ പിന്നീട് സാന്നിധ്യം ഉറപ്പിക്കാനായിരുന്നില്ല. അന്നും ചൂണ്ടിക്കാണിക്കപ്പെട്ടത് താരത്തിന്റെ ഫിറ്റ്നസായിരുന്നു. ഇത്തവണത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ഇംഗ്ലണ്ടില്‍ കളിച്ച ഇന്ത്യ എ ടീമില്‍ സർഫറാസുമുണ്ടായിരുന്നു. എന്നാല്‍ അന്തിമ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ താരം പുറത്തായി. ഇതോടെയാണ് ടീമിലെ സ്ഥാനം വീണ്ടെടുക്കാൻ സർഫറാസ് കഠിനാധ്വാനം തുടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അജിത്ത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി സർഫറാസിനെ അവഗണിച്ചപ്പോള്‍ ഹർഭജൻ സിങ് അടക്കമുള്ള നിരവധി മുൻ ഇന്ത്യൻ താരങ്ങള്‍ സർഫറാസിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. പലരും ഭാരം കുറച്ച് ഒരു തിരിച്ചുവരവിന് ശ്രമിക്കാൻ അദ്ദേഹത്തോട് പറയുകയും ചെയ്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി സർഫറാസ് ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. ഇക്കഴിഞ്ഞ മേയില്‍ സർഫറാസിന്റെ പിതാവ് നൗഷാദ് ഖാൻ ഹിന്ദുസ്ഥാൻ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ താരത്തിന്റെ ഡയറ്റിനെക്കുറിച്ച് പറഞ്ഞിരുന്നു.
ഭക്ഷണ ക്രമത്തില്‍ വലിയ മാറ്റമാണ് കൊണ്ടുവന്നത്. റൊട്ടി, അരി മുതലായവ കഴിക്കുന്നത് നിർത്തി. ഒന്നര മാസത്തിലേറെയായി വീട്ടില്‍ റൊട്ടിയോ അരിയോ ആരും തന്നെ കഴിക്കുന്നില്ല. ബ്രോക്കോളി, കാരറ്റ്, വെള്ളരിക്ക, സാലഡ്, പച്ചക്കറി സാലഡ് എന്നിവയാണ് ഭക്ഷണം. അതോടൊപ്പം, ഗ്രില്‍ ചെയ്ത മത്സ്യം, ഗ്രില്‍ ചെയ്ത ചിക്കൻ, വേവിച്ച ചിക്കൻ, വേവിച്ച മുട്ട മുതലായവയും കഴിക്കുന്നു. പഞ്ചസാരയും മൈദയും ബേക്കറി ഇനങ്ങളും പൂർണമായും ഒഴിവാക്കുകയും ചെയ്തു എന്നും നൗഷാദ് ഖാൻ അന്ന് പറഞ്ഞിരുന്നു.