നാഗമ്പടത്ത് നിന്നും
ജാഗ്രത ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം : എം.സി റോഡിൽ നാഗമ്പടത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും യുവതി ചാടിയ സംഭവത്തിൽ പിങ്ക് പൊലീസിന് ഗുരുതര വീഴ്ച. വൈകിട്ട് ഏഴ് മണിയോടെ ഉണ്ടായ സംഭവത്തിൽ പിങ്ക് പൊലീസ് സ്ഥലത്ത് എത്തിയത് 7.45 ഓടെ മാത്രം. എല്ലാം കഴിഞ്ഞ് പെൺകുട്ടിയും കുടുംബവും പൊലീസ് സ്റ്റേഷനിൽ എത്തിയ ശേഷമാണ് പിങ്ക് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. രണ്ട് കുട്ടികൾ ഒന്നിച്ചിരിക്കുന്നത് കണ്ടാൽ സദാചാരവുമായി ചാടിയിറങ്ങുന്ന പിങ്ക് പൊലീസാണ് സംഭവം ഉണ്ടായി ഒരു മണിക്കൂറായിട്ടും സ്ഥലത്ത് എത്താതിരുന്നത്.
ശനിയാഴ്ച വൈകിട്ട് ഏഴോടെ നാഗമ്പടം ചെമ്പരത്തിമ്മൂട് വളവിലായിരുന്നു സംഭവം. കോട്ടയം ഭാഗത്ത് നിന്ന് എത്തിയ കാറിൽ നിന്നാണ് യുവതി റോഡിലേക്ക് ചാടിയത്. കോട്ടയം ഭാഗത്ത് നിന്നെത്തിയ കാറിൽ നിന്നും യുവതി വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. യുവതിക്കൊപ്പം മാതാപിതാക്കളും ഉണ്ടായിരുന്നു. ഇവർ പുറത്തേക്ക് വീണതോടെ കാർ പെട്ടെന്ന് നിർത്തി. ഇതിനാൽ അപകടം ഒഴിവാകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃക്കൊടിത്താനം സ്വദേശിയായ പത്തൊൻപതുകാരിയാണ് കാറിൽ നിന്നും പുറത്തേയ്ക്ക് ചാടിയത്. ഒരു വർഷം മുൻപാണ് യുവതി പ്രദേശവാസിയായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് യുവതി ഭർത്തൃ വീട്ടിൽ നിന്നു മടങ്ങിപ്പോന്നിരുന്നു. ഇത് സംബന്ധിച്ച് തൃക്കൊടിത്താനം പൊലീസിൽ കേസും നിലവിലുണ്ട്. യുവതിയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന സൂചനയെ തുടർന്ന് ബന്ധുക്കൾ യുവതിയെ പോട്ട ധ്യാന കേന്ദ്രത്തിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇതിനിടെയാണ് യുവതി കാറിൽ നിന്ന് ചാടിയത്.
അപകടത്തെ തുടർന്ന് റോഡിൽ നാട്ടുകാർ തടിച്ചുകൂടിയത് ഗതാഗതക്കുരുക്കിനും ഇടയാക്കി. നാട്ടുകാർ വിവരം അറിയിച്ചതോടെ ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ, സംഭവം ഉണ്ടായപ്പോൾ തന്നെ പെൺകുട്ടിയുടെ മാതാവ് പിന്നെ പൊലീസിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഗാന്ധിനഗർ പൊലീസും , പൊലീസ് കൺട്രോൾ റൂം വാഹനവും, വനിതാ പൊലീസ് സ്റ്റേഷനിലെ ജീപ്പും സ്ഥലത്തെത്തിയിട്ടും പിങ്ക് പൊലീസെത്തിയത് എല്ലാം കഴിഞ്ഞ് പെൺകുട്ടിയും കുടുംബവും മടങ്ങിയ ശേഷമാണ്.
സ്ത്രീ സുരക്ഷയ്ക്കായി സ്ഥാപിച്ച പിങ്ക് പൊലീസ് സംഘം പക്ഷെ ഇപ്പോൾ ഒന്നിച്ച് കാണുന്ന പെൺകുട്ടികളെയും യുവാക്കളെയും പിടികൂടുക മാത്രമാണ് ചെയ്യുന്നത് എന്ന് പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു സ്ത്രീയ്ക്ക് അപകടം ഉണ്ടായിട്ട് പിങ്ക് പൊലീസ് സ്ഥലത്ത് എത്താൻ വൈകിയത് പരാതിയ്ക്ക് ഇടയാക്കിയിട്ടുണ്ട്.