ലണ്ടൻ : ഇംഗ്ലണ്ടിന് എതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്ബരയില്‍ കിടിലൻ ഫോമിലാണ് ഇന്ത്യൻ സൂപ്പർ താരം രവീന്ദ്ര ജഡേജ.മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്സില്‍ ജഡേജ നേടിയ കിടിലൻ സെഞ്ചുറി അത്ര പെട്ടെന്നൊന്നും ഇന്ത്യൻ ആരാധകർ മറക്കില്ല. ഈ കളിയില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റുകളും ജഡേജ വീഴ്ത്തിയിരുന്നു. സാക് ക്രൗളി, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ബ്രൈഡൻ കാഴ്സ് എന്നിവരുടെ വിക്കറ്റുകളാണ് ജഡ്ഡു വീഴ്ത്തിയത്. ഈ പ്രകടനം ചില കിടിലൻ റെക്കോഡുകളും ജഡേജക്ക് സമ്മാനിച്ചു.
ഇംഗ്ലണ്ടിന് എതിരെ ഒരേ ടെസ്റ്റില്‍ സെഞ്ചുറിയും നാല് വിക്കറ്റും നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡാണ് ജഡേജക്ക് സ്വന്തമായത്. മാഞ്ചസ്റ്ററില്‍ ഈ നേട്ടം കൈവരിക്കുമ്ബോള്‍ 36 വർഷവും 229 ദിവസവുമായിരുന്നു ജഡേജയുടെ പ്രായം. 131 വർഷങ്ങള്‍ക്ക് മുൻപ് ഓസ്ട്രേലിയയുടെ ജോർജ് ഗിഫണ്‍ സ്ഥാപിച്ച റെക്കോഡാണ് ഇപ്പോള്‍ ജഡേജ തകർത്തിരിക്കുന്നത്. അന്ന് ഈ നേട്ടം സ്വന്തമാക്കുമ്ബോള്‍ 35 വർഷവും 269 ദിവസങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. തന്റെ 36-ം ജന്മദിനത്തിന് ശേഷം ഈ അപൂർവ ഡബിള്‍ നേടുന്ന ആദ്യ താരവും രവീന്ദ്ര ജഡേജയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇംഗ്ലണ്ടില്‍ നടക്കുന്ന ഒരു ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറിയും നാല് വിക്കറ്റും നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡും ഇതിനൊപ്പം ജഡേജ സ്വന്തമാക്കി.1952 ല്‍ വിനു മങ്കാദ് സ്ഥാപിച്ച റെക്കോഡാണ് ജഡേജ മറികടന്നത്. 73 വർഷങ്ങള്‍ക്ക് മുൻപ് ലോർഡ്സില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ വിനു മങ്കാദ് ഈ നേട്ടം കൈവരിക്കുമ്ബോള്‍ 35 വർഷവും 68 ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
വിദേശ മൈതാനത്ത് നടക്കുന്ന ഒരു ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറിയും നാല് വിക്കറ്റുകളും നേടുന്ന പ്രായം കൂടിയ താരവും ജഡേജയാണ്. മുൻ ഇന്ത്യൻ താരം പോളി ഉമിഗ്രറിനെയാണ് ഈ നേട്ടത്തില്‍ ജഡേജ പിന്നിലാക്കിയത്. 1962 ല്‍ വെസ്റ്റിൻഡീസിന് എതിരെ പോർട് ഓഫ് സ്പെയിനില്‍ വെച്ചുനടന്ന കളിയില്‍ ഈ നേട്ടം കൈവരിക്കുമ്ബോള്‍ 36 വർഷവും 7 ദിവസവുമായിരുന്നു ഉമിഗ്രറിന്റെ പ്രായം.
അതേ സമയം ഇംഗ്ലണ്ടിന് എതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്ബരയിലെ റണ്‍ നേട്ടത്തില്‍ നിലവില്‍ നാലാമതാണ് രവീന്ദ്ര ജഡേജ. നാല് ടെസ്റ്റുകളിലെ എട്ട് ഇന്നിങ്സുകളിലായി 454 റണ്‍സാണ് ജഡേജയുടെ സമ്ബാദ്യം. 113.50 ആണ് ഈ പരമ്ബരയില്‍ താരത്തിന്റെ ബാറ്റിങ് ശരാശരി.