മുൻ പ്രധാനമന്ത്രിയുടെ ചെറുമകൻ, മുൻ ജെഡിഎസ് എംപി, ഏറ്റവും ഒടുവിൽ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ 15528-ാം നമ്പർ തടവുകാരൻ.ബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെട്ട പ്രജ്വൽ രേവണ്ണയുടെ ബയോഡേറ്റ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. അധികാരവും സമ്പത്തും എല്ലാം തന്റെ ലൈംഗിക താൽപര്യങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്ത പ്രജ്വൽ എന്ന യുവ രാഷ്ട്രീയ നേതാവിന് ജയിലിൽ ലഭിക്കുക വിഐപി പരിഗണന ആയിരിക്കില്ല. മറിച്ച് സാധാരണ തടവുകാർ ചെയ്യേണ്ട എല്ലാ ജോലികളും പ്രജ്വലിനെ കാത്തിരിക്കുന്നുണ്ട്. അടുക്കളയിൽ സഹായിക്കുക, തയ്യൽ ജോലി, പൂന്തോട്ട പരിപാലനം, പച്ചക്കറി കൃഷി, ആശാരിപ്പണി എന്നിവയിൽ ഏതെങ്കിലും ജോലിയായിരിക്കും പ്രജ്വലിന് ആദ്യം ലഭിക്കുക. ഒരു വർഷത്തിനു ശേഷം നെയ്ത്ത്, ഇരുമ്പു പണി പോലെ വൈദഗ്ധ്യം കൂടുതൽ ആവശ്യമുള്ള ജോലികളിലേക്കു മാറ്റും. ദിവസം എട്ടു മണിക്കൂറാണ് ജോലി.
കിടപ്പ് അതീവ സുരക്ഷാ ജയിലിൽ; വസ്ത്രം തൂ വെള്ള
ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലിലാണ് പ്രജ്വലിനെ പാർപ്പിച്ചിരിക്കുന്നത്. ജയിലിൽ വെള്ള വസ്ത്രമാണ് പ്രജ്വലിന് ധരിക്കേണ്ടത്. ഒരു വർഷം മുമ്പ് വരെ എംപി എന്ന നിലയിൽ പ്രതിമാസം ഒരു ലക്ഷത്തിലേറെ രൂപയും മറ്റ് സുഖ സൗകര്യങ്ങളും അനുഭവിച്ചിരുന്ന പ്രജ്വലിന്റെ ജയിലിലെ പ്രതിമാസ ശമ്പളം വെറും 540 രൂപയാണ്. ആഡംബര സൗകര്യങ്ങളും അധികാരവും ആവോളം അനുഭവിച്ചിരുന്ന പ്രജ്വലിന് മുന്നോട്ടുള്ള ദിനങ്ങൾ ഒട്ടും എളുപ്പമായിരിക്കില്ല. എല്ലാ തിങ്കളാഴ്ചയുമാണ് പുതിയ കുറ്റവാളികൾക്ക് ജോലികൾ അനുവദിക്കുന്നത് എത്ര കഠിനമുള്ള ജോലിയാണെങ്കിലും പ്രതിമാസം 540 രൂപ മാത്രമേ വേതനം ലഭിക്കൂ എന്ന് ജയിൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ തടവുകാരുടെ ഒരു ദിനം രാവിലെ ആറരയ്ക്ക് ആരംഭിക്കും. പ്രാഥമിക കർമ്മങ്ങൾക്ക് ശേഷം പ്രഭാത ഭക്ഷണം. ഓരോ ആഴ്ചയിലും ജയിലിലെ ഭക്ഷണ മെനു മാറും. തക്കാളി പുലാവ്, ലെമൺ റൈസ്, അവൽ കൊണ്ടുള്ള പോഹ, ഉപ്പുമാവ്, പുളിസാദം, വഴുതനങ്ങ ചോറ് എന്നിവയാണ് പ്രഭാത ഭക്ഷണമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉച്ചഭക്ഷണം. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ചപ്പാത്തി, റാഗി ബോൾസ്, സാമ്ബാർ, വെള്ള അരി, മോര് എന്നിവ ലഭിക്കും. ചൊവ്വാഴ്ചകളിൽ മുട്ടയും ലഭിക്കും. മാസത്തിൽ രണ്ട് തവണ മട്ടനും കോഴിയിറച്ചിയും ലഭിക്കും. മറ്റു കുറ്റവാളികളെപ്പോലെ പ്രജ്വലിന്റെ ഭക്ഷണവും ഇതായിരിക്കും.
ആഴ്ചയിൽ രണ്ട് ഫോൺ കോൾ; കുടുംബാംഗങ്ങൾക്ക് ആഴ്ചയിൽ ഒരു തവണ കാണാം
ആഴ്ചയിൽ രണ്ട് ഫോൺ കോളുകളാണ് അനുവദിക്കുന്നത്. പരമാവധി 10 മിനിറ്റ് മാത്രമേ സംസാരിക്കാൻ അനുവദിക്കൂ. ആഴ്ചയിൽ ഒരിക്കൽ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ ജയിലിൽ വന്നു കാണാം. കഴിഞ്ഞ ആഴ്ചയാണ് ജനപ്രതിനിധികളുടെ കേസുകൾ കൈകാര്യം ചെയ്യുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതി പ്രജ്വലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയിലിൽ മാനസികമായി തകർന്ന നിലയിലാണ് ഈ മുൻ എംപിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. കേസിൽ നിന്ന് ഊരി പോരാൻ അധികാരവും പണവും ഉപയോഗിച്ച് പല ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രജ്വൽ അഭ്യർത്ഥിച്ചെങ്കിലും കോടതി അവഗണിച്ചു.
വരാനിരിക്കുന്നു കേസും കൂട്ടവും
പ്രജ്വലിന്റെ പേരിലുള്ള ആദ്യ പീഡനക്കേസിലാണ് ശിക്ഷ ലഭിച്ചത്. മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറു മകനും കർണാടക എംഎൽഎ എച്ച്ഡി രേവണ്ണയുടെ മകനുമാണ് പ്രജ്വൽ. കർണാടകയിലെ ഹാസനിൽ നിന്നാണ് പ്രജ്വൽ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് പ്രജ്വലിനെതിരേയുള്ള കേസ് കർണാടകയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഹാസനിൽ നിന്ന് വീണ്ടും മത്സരിച്ച പ്രജ്വൽ രേവണ്ണയുടെ തോൽവിക്ക് കാരണമായതും ഈ കേസാണ്.