സ്പോട്സ് ഡെസ്ക്
വളർത്തി വലുതാക്കിയ മതിലിനെ ഉപേക്ഷിച്ച് തലയുടെ തണൽ തേടി പോകുകയാണോ മലയാളത്തിന്റെ സ്വന്തം സഞ്ജു സാംസൺ. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ ക്യാമ്പിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ പരിശോധിച്ചാൽ സഞ്ജു ടീമിൽ നിന്നും പുറത്തേയ്ക്ക് എന്നു തന്നെയാണ് വിവരം. തലയ്ക്കു ശേഷം തലപ്പൊക്കമുള്ള ക്യാപ്റ്റനെ തേടുന്ന ചെന്നൈ സൂപ്പർ കിംങ്സ് സഞ്ജുവിനെ കൊത്തിയെടുത്ത് പറക്കുമോ എന്നാണ് ആരാധകർ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത്.
സഞ്ജു പറഞ്ഞു, വിടുതൽ തരു..!
രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസിയോട് സഞ്ജു സാംസൺ വിടുതൽ ആവശ്യപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അടുത്ത ഐപിഎല്ലിൽ തന്നെ മെഗാ ലേലത്തിന് വിടണമെന്ന് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ടീമിനോട് ആവശ്യപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2025 ഐപിഎൽ അവസാനിച്ചതിന് തൊട്ടു പിന്നാലെ തന്നെ സാംസൺ ഈ വിവരം ടീം മാനേജ്മെന്റിനെ അറിയിച്ചതായാണ് വിവരം. കഴിഞ്ഞ ജൂണിൽ ചേർന്ന ആർആർ മാനേജ്മെന്റിന്റെ റിവ്യു മീറ്റിംങിൽ ഈ വിഷയം ചർച്ചയാകുകയും ചെയ്തിട്ടുണ്ട്. സഞ്ജുവിന്റെ നിർദേശത്തിന് ഉറച്ച മറുപടി ഇനിയും ടീം മാനേജ്മെന്റ് നൽകിയിട്ടില്ല. ടീമിൽ സഞ്ജുവിന്റെ അനിവാര്യത അദ്ദേഹത്തെ അറിയിച്ച് ഒപ്പം നിർത്താൻ ശ്രമിക്കുന്നതായാണ് ലഭിക്കുന്ന വിവരം. ഹെഡ് കോച്ച് രാഹുൽ ദ്രാവിഡുമായി ആലോചിച്ച് മനോജ് ബാഡ്ലേ അന്തിമ തീരുമാനം എടുക്കുമെന്നാണ് ലഭിക്കുന്ന സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിൽക്കുമോ .. ലേലത്തിന് വയ്ക്കുമോ…? ആകാംഷ
സഞ്ജുവിന്റെ ആവശ്യം ആർ.ആർ മാനേജ്മെന്റ് അംഗീകരിച്ചാൽ സഞ്ജുവിനെ വിൽക്കുമോ ലേലത്തിന് വയ്ക്കുമോ എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. സഞ്ജുവിനെ ടീം റിലീസ് ചെയ്താൽ സ്വാഭാവിക നടപടി ക്രമം എന്ന രീതിയിൽ അടുത്ത തവണത്തെ മെഗാ ലേലത്തിലേയ്ക്ക് സഞ്ജു എത്തും. അല്ലങ്കിൽ മറ്റേതെങ്കിലും കളിക്കാരനെ പകരം വാങ്ങി, ഏതെങ്കിലും ടീമിന് സഞ്ജുവിനെ കൈമാറാൻ റോയൽ തയ്യാറാകണം. കളിക്കാരനെയോ പണമോ പകരം വാങ്ങി സഞ്ജുവിനെ ഏതെങ്കിലും ടീമിൽ കൈമാറാൻ റോയൽസ് തയ്യാറാകുമോ എന്നാണ് ഇനി ആരാധകർ കാത്തിരിക്കുന്നത്.
തലയ്ക്കു പകരം തലപ്പൊക്കം..!
തലയ്ക്കു പകരമുള്ള തലപ്പൊക്കമാകുമോ സഞ്ജു എന്നതാണ് ആരാധകര് ആവേശത്തോടെ നോക്കിയിരിക്കുന്നത്. രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ റിലീസ് ചെയ്താൽ മഹേന്ദ്ര സിംങ് ധോണിയ്ക്കു പകരക്കാരനായി സഞ്ജുവിനെ ചെന്നൈ സൂപ്പർ കിംങ്സ് തന്നെ ഏറ്റെടുക്കുമോ എന്നാണ് ആരാധകർ ആവേശത്തോടെ ചോദിക്കുന്നത്. അടുത്ത സീസണിൽ ധോണി കളിക്കാനുണ്ടാകുമോ എന്ന് ഉറപ്പില്ലാത്ത കാലത്ത് , കളത്തിനു പുറത്ത് കളി നിയന്ത്രിക്കാൻ ധോണിയും കളത്തിൽ സഞ്ജുവും ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
കയ്യിൽ ബാറ്റെടുത്ത് പിടിപ്പിച്ച ആർ.ആർ..!
ഐപിഎല്ലിൽ ആദ്യ മത്സരം മുതൽ രാജസ്ഥാൻ കുപ്പായത്തിൽ ഇറങ്ങിയ സാംസൺ ഇക്കുറി ടീമിൽ നിന്നും പുറത്തേയ്ക്കുള്ള വഴി തിരഞ്ഞെടുക്കുമ്പോൾ ഒപ്പം ആർആർ വിട്ടു പോകുന്നത് മലയാളി ആരാധകർ കൂടിയാകും. 2013 മുതൽ 2015 വരെയാണ് സഞ്ജു സാംസൺ ആദ്യമായി രാജസ്ഥാൻ റോയൽസിനൊപ്പമുണ്ടായിരുന്നത്. ആദ്യത്തെ മൂന്ന് സീസണിന് ശേഷം 2018 ലാണ് രണ്ട് വർഷത്തെ ഡൽഹി ഡെയർ ഡെവിൾസ് സീസണിന് ശേഷം വീണ്ടും സഞ്ജു റോയൽസിൽ മടങ്ങിയെത്തി. 2021 ലാണ് സഞ്ജുവിനെ റോയൽസ് ക്യാപ്റ്റനായി നിയോഗിച്ചത്. 2022 ൽ സഞ്ജു റോയൽസിനെ ഫൈനലിലേയ്ക്ക് നയിക്കുകയും ചെയ്തു.
ടീം മാനേജ്മെന്റിന്റെ നയങ്ങൾ, സഞ്ജു ഉടക്കിൽ
റോയൽസ് ടീം മാനേജിന്റെ കഴിഞ്ഞ സീസണിലെ നയങ്ങളാണ് സഞ്ജുവിനെ ടീം വിടാൻ പ്രേരിപ്പിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. റോയൽസ് ടീമിന്റെ നെടുന്തൂണായിരുന്ന ബട്ലറിനെയും, ചഹലിനെയും വിട്ടു കളഞ്ഞ തീരുമാനത്തിൽ സഞ്ജുവിന് കടുത്ത എതിർപ്പുണ്ടായിരുന്നതായി നേരത്തെ തന്നെ വിവരമുണ്ടായിരുന്നു. ഇതേ തുടർന്നാണ് സഞ്ജു ഇപ്പോൾ ടീം വിടാൻ തീരുമാനം എടുത്തതെന്നാണ് പുറത്ത് വരുന്ന വിവരം.