മുംബൈ : ക്യാപ്റ്റന്‍ എം എസ് ധോണി തന്നെ ടീമില്‍ നിന്ന് തഴഞ്ഞപ്പോള്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ആലോചിച്ചിരുന്നതായി വെളിപ്പെടുത്തി മുന്‍ ഇന്ത്യൻ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായുള്ള കൂടിക്കാഴ്ചയാണ് തന്‍റെ തീരുമാനം മാറ്റിയതെന്നും സെവാഗ് യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. 2008ല്‍ ഓസ്ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്ബരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് സെവാഗ് 81 റണ്‍സ് മാത്രമായിരുന്നു നേടിയത്. ഇതിന് പിന്നാലെയാണ് സെവാഗിനെ ഏകദിന ടീമില്‍ നിന്നൊഴിവാക്കിയത്.
അന്ന് ധോണി ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ ഏകദിനങ്ങളില്‍ ഇനിയൊരിക്കലും ഇന്ത്യക്കായി കളിക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും സെവാഗ് പറഞ്ഞു. 2007-2008ലെ പരമ്ബരയിലെ ആദ്യ മൂന്ന് കളികളില്‍ കളിച്ചശേഷം ധോണി എന്നെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കി. അതിനുശേഷം എന്നെ ടീമിലേക്ക് പരിഗണിച്ചില്ല. അതോടെ ഇനിയൊരിക്കലും പ്ലേയിംഗ് ഇലവനില്‍ എത്താനാവില്ലെന്ന് ഞാനുറപ്പിച്ചു. അതിനുശേഷമാണ് ഏകദിനങ്ങളില്‍ നിന്ന് വിരമിക്കാന്‍ ആലോചിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇക്കാര്യം പറയാനായി സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കണ്ടപ്പോള്‍ അദ്ദേഹമാണ് തിടുക്കപ്പെട്ട് തീരുമാനമെടുക്കരുതെന്ന് ഉപദേശിച്ചത്. 1999-2000 കാലഘട്ടത്തില്‍ താനും സമാനമായ ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നും ഇതൊക്കെ കളിയുടെ ഭാഗമാണെന്നും സച്ചിന്‍ പറഞ്ഞു. വൈകാരികമായി തീരുമാനമെടുക്കാതെ അടുത്ത രണ്ടോ മൂന്നോ പരമ്ബരകള്‍ കൂടി കളിച്ച ശേഷം തീരുമാനമെടുക്കാനും സച്ചിന്‍ പറഞ്ഞു. അതിനുശേഷം അടുത്ത പരമ്ബരയില്‍ ടീമിലെത്തിയ എനിക്ക് റണ്‍സ് നേടാനായി. അതോടെ 2011ലെ ഏകദിന ലോകകപ്പില്‍ കളിക്കാനും കിരീടം നേടാനും തനിക്കായെന്നും സെവാഗ് പറഞ്ഞു. 2015 ഒക്ടോബറിലാണ് സെവാഗ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളായ സെവാഗ് ഏകദിനങ്ങളില്‍ 35.05 ശരാശരിയിലും 104.33 സ്ട്രൈക്ക് റേറ്റിലും 8273 റണ്‍സ് നേടിയിട്ടുണ്ട്.