1970-കളിലും 1980-കളിലും ഇന്ത്യൻ ക്രിക്കറ്റിലെ കിരീടംവെക്കാത്ത രാജാവായിരുന്നു സുനില്‍ ഗാവസ്ക്കർ. ഇന്ത്യൻ ക്രിക്കറ്റ് എന്നാല്‍ അക്കാലത്ത് ഗാവസ്ക്കറായിരുന്നു. എതിർ ടീം പോലും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. ഇപ്പോഴിതാ കളിച്ചിരുന്ന കാലത്ത് ഗാവസ്ക്കർ ആസ്വദിച്ചിരുന്ന ഗർവിനെക്കുറിച്ചും അധികാരത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഗാവസ്ക്കറുടെ സഹതാരമായിരുന്ന കർസണ് ഗാവ്രി.
1975-ലെ പ്രഥമ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ 174 പന്തില്‍ നിന്ന് 36* റണ്‍സ് നേടി പുറത്താകാതെ നിന്ന ഗാവസ്ക്കറുടെ ബാറ്റിങ് ഏറെ കുപ്രസിദ്ധമാണ്. അന്ന് ഡ്രസ്സിങ് റൂമിലുണ്ടായിരുന്ന പലരും ഗാവസ്ക്കറുടെ ഈ സമീപനത്തില്‍ അതൃപ്തരായിരുന്നുവെന്നും അടിച്ചുകളിക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറാകാതെ നിർബന്ധബുദ്ധിയോടെ നിന്നുവെന്നും ഗാവ്രി പറഞ്ഞു. വിക്കി ലാല്‍വാനിയുടെ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
”ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഞങ്ങള്‍ക്ക് ഏകദിന ക്രിക്കറ്റ് എങ്ങനെ കളിക്കണമെന്ന് അറിയില്ലായിരുന്നു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് 334 റണ്‍സ് നേടി, പക്ഷേ ഞങ്ങള്‍ ബാറ്റ് ചെയ്യാൻ വന്നപ്പോള്‍, ആ മത്സരത്തില്‍ സുനില്‍ 60 ഓവറുകളും കളിച്ചു. വേഗത്തില്‍ സ്കോർ ചെയ്യാനോ അല്ലെങ്കില്‍ പുറത്താകാനോ ആവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ ഡ്രസ്സിങ് റൂമില്‍നിന്ന് സന്ദേശങ്ങള്‍ അയച്ചു. എന്നാല്‍ സുനില്‍ ഗവാസ്ക്കർ 1970-കളിലെ സുനില്‍ ഗവാസ്ക്കർ ആയിരുന്നു. അദ്ദേഹം ആരുപറയുന്നതും അനുസരിക്കുമായിരുന്നില്ല”, ഗാവ്രി വ്യക്തമാക്കി.
”ടോണി ഗ്രിഗ്, ജെഫ് അർനോള്‍ഡ്, ക്രിസ് ഓള്‍ഡ്, ബോബ് വില്ലിസ് എന്നിവരുടെ ഓവറുകളെല്ലാം അദ്ദേഹം കളിച്ചുതീർത്തു. ‘ഭാവിയില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഞാൻ ഈ ആളുകളെ നേരിടുകയായിരുന്നു, അവർക്കെതിരെ പരിശീലനം നടത്തുകയായിരുന്നു’ എന്നായിരുന്നു മത്സര ശേഷം അദ്ദേഹം പറഞ്ഞ കാരണം. ഡ്രസ്സിങ് റൂമില്‍ വലിയ കോലാഹലങ്ങളുണ്ടായി. ഞങ്ങളുടെ മാനേജർ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, ‘എന്നെ ഒറ്റയ്ക്ക് വിടൂ’ എന്നാണ് ഗാവസ്ക്കർ പറഞ്ഞത്”, ഗാവ്രി കൂട്ടിച്ചേർത്തു. ബാറ്റിങ്ങിലെ ഏകാഗ്രത നഷ്ടപ്പെടാതിരിക്കാൻവേണ്ടി ഗാവസ്ക്കർ ഇന്ത്യൻ പ്രധാനമന്ത്രിയെ കാണാൻ വിസമ്മതിച്ച മറ്റൊരു സംഭവവും ഗാവ്രി വെളിപ്പെടുത്തി.
”അന്ന് സുനില്‍ ഗാവസ്ക്കർ ബാറ്റിങ്ങിന് തയ്യാറായി പാഡ് ചെയ്ത് ഇരിക്കുകയാണ്. അദ്ദേഹം ഡ്രസ്സിങ് റൂമിലിരുന്ന് മനസ്സ് ഏകാഗ്രമാക്കുകയായിരുന്നു. രാജ് സിങ് ദുൻഗർപുർ അവിടെ ഉണ്ടായിരുന്നു. ഗാവസ്ക്കറാകട്ടെ കുറച്ചു മിനിറ്റുകള്‍ക്കുള്ളില്‍ ബാറ്റിങ്ങിന് ഇറങ്ങാൻ പോകുന്നു. അതിനിടയില്‍ അദ്ദേഹം ഏകാഗ്രതയോടെ ഇരിക്കുകയായിരുന്നു. ഈ സമയം രാജ് സിങ് പറഞ്ഞു, ‘എല്ലാവരും വരൂ, പ്രധാനമന്ത്രി ഇവിടെയുണ്ട്. കൂടിക്കാഴ്ച നടക്കും, രണ്ടോ മൂന്നോ മിനിറ്റ് മാത്രമേ എടുക്കൂ’. എല്ലാവരും പുറത്തേക്ക് പോയി. പക്ഷേ സുനില്‍ പറഞ്ഞു. ‘ഞാൻ വരുന്നില്ല, ഞാൻ ഏകാഗ്രതയോടെ ഇരിക്കട്ടെ, എന്റെ ബാറ്റിങ് എനിക്കും എന്റെ ടീമിനും പ്രധാനമാണ്’. അവർ അദ്ദേഹത്തെ ഒറ്റയ്ക്കു വിട്ടു”, ഗാവ്രി പറഞ്ഞു. അന്ന് ഗാവസ്ക്കറെ കാണാൻ മാത്രമാണ് പ്രധാനമന്ത്രി ഡ്രസ്സിങ് റൂമില്‍ വന്നതെന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1971 മുതല്‍ 1987 വരെ തന്റെ പ്രതാപകാലത്ത് സുനില്‍ ഗവാസ്കർ എപ്പോഴും ഒരു ചാമ്ബ്യനായിരുന്നുവെന്നും ഗാവ്രി ചൂണ്ടിക്കാട്ടി.