ചലച്ചിത്ര നിര്‍മ്മാതാവും മമ്മൂട്ടിയുടെ വലംകൈയുമായ ആന്‍റോ ജോസഫിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നു. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി, എന്നാണ് ആന്‍റോ ജോസഫിന്‍റെ പോസ്റ്റ്. എന്താണ് കാര്യമെന്ന് പോസ്റ്റില്‍ പറഞ്ഞിട്ടില്ലെങ്കിലും ഇത് മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ചുള്ളതാണെന്ന വിലയിരുത്തലിലാണ് പ്രേക്ഷകര്‍. നടി മാലാ പാര്‍വതി അടക്കമുള്ളവര്‍ പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയിട്ടുണ്ട്. പൂര്‍ണ്ണ മുക്തി? എന്നാണ് മാലാ പാര്‍വതിയുടെ ചോദ്യ രൂപത്തിലുള്ള കമന്‍റ്. ഏറ്റവും വലിയ വാര്‍ത്തയെന്ന് മറ്റൊരു കമന്‍റും മാലാ പാര്‍വതി പോസ്റ്റിന് താഴെ കുറിച്ചിട്ടുണ്ട്.

അര മണിക്കൂറിനുള്ളില്‍ 2500 ല്‍ അധികം ലൈക്കുകളും നാനൂറോളം കമന്‍റുകളും നൂറിലേറെ ഷെയറുകളുമാണ് ഫേസ്ബുക്കില്‍ ആന്‍റോ ജോസഫിന്‍റെ പോസ്റ്റിന് ലഭിച്ചത്. ഏറ്റവും ഒടുവില്‍ നടത്തിയ ആരോഗ്യ പരിശോധനകളില്‍ മമ്മൂട്ടി പൂര്‍ണ്ണ സൗഖ്യം നേടിയതായാണ് അദ്ദേഹത്തിന്‍റെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മമ്മൂട്ടിയുടെ തിരിച്ചുവരവ് ഉടന്‍ ഉണ്ടാകുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായിരുന്നു.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാട്രിയറ്റ് എന്ന സിനിമയാണ് മമ്മൂട്ടിക്ക് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നത് ഈ ബിഗ് ബജറ്റ് സിനിമയുടെ പ്രത്യേകതയാണ്. ഒപ്പം നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ശ്രീലങ്കയും ദില്ലിയും ഉള്‍പ്പെടെ നിരവധി ലൊക്കേഷനുകള്‍ ഉള്ള ബിഗ് കാന്‍വാസ് ചിത്രമാണ് ഇത്. 80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും അഭിനയിക്കുന്നുണ്ട്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്ന ത്രില്ലർ ചിത്രമാണ് മമ്മൂട്ടിയുടേതായി അടുത്തതായി തിയറ്ററുകളില്‍ എത്തുക. വിനായകനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം.
