രുചിയേറും വരാപ്പുഴ കരിമീന്‍ നേരിട്ടു സംഭരിക്കാന്‍ മീമീ ഫിഷ്

കൊച്ചി: രുചിയില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന വരാപ്പുഴ കരിമീന്‍ അടക്കമുള്ള മത്സ്യയിനങ്ങള്‍ കുടുംബി സമുദായക്കാരായ മത്സ്യബന്ധന തൊഴിലാളികളില്‍ നിന്ന് നേരിട്ട് സംഭരിക്കാന്‍ ഫിഷറീസ് വകുപ്പിന് കീഴിലുള്ള പരിവര്‍ത്തനം പദ്ധതിയുടെ ഭാഗമായ മീമീ ഫിഷ് തീരുമാനിച്ചു. ഇടനിലക്കാരുടെ വ്യാപകമായ ചൂഷണത്തിന് വിധേയരാകുന്ന പാരമ്പര്യ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനോടൊപ്പം കലര്‍പ്പില്ലാത്ത മത്സ്യം ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കാനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

Advertisements



സംസ്ഥാന സര്‍ക്കാരിന്‍റെ തീരദേശ വികസന കോര്‍പറേഷന്‍റെ (കെഎസ് സിഎഡിസി) സഹകരണത്തോടെ ആരംഭിച്ച പരിവര്‍ത്തനം പദ്ധതിയുടെ ഭാഗമായാണ് ഓണ്‍ലൈന്‍ ഫിഷ് വിപണന സംവിധാനമായ മീമീ ഫിഷ് ആരംഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എറണാകുളം ജില്ലയിലെ വരാപ്പുഴ പഞ്ചായത്തിലെ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്താണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൊങ്കണ്‍ – ഗോവ മേഖലയില്‍ നിന്നും കുടിയേറിയെത്തിയ കുടുംബി സമുദായമുള്ളത്. പ്രധാനമായും നെല്‍കൃഷി ജീവിതമാര്‍ഗമാക്കിയിരുന്ന ഇവര്‍ കാലങ്ങളായുള്ള ചൂഷണത്തെത്തുടര്‍ന്ന് ഭൂരഹിതരാവുകയും പിന്നീട് പല തൊഴിലിലേക്ക് മാറ്റപ്പെടുകയും ചെയ്തു. കര്‍ഷകത്തൊഴിലാളികളായിരുന്നവരില്‍ വലിയൊരു വിഭാഗം ഉള്‍നാടന്‍ ജലാശയങ്ങളിലും പാടശേഖരങ്ങളലും മല്‍സ്യബന്ധനത്തിലുമേര്‍പ്പെട്ടു.

മീന്‍ പിടിക്കുന്നതിന് ഇവര്‍ വ്യത്യസ്ത രീതികള്‍ ആവിഷ്ക്കരിച്ചിരുന്നു. ഇവരുടെ തനത് രീതികളില്‍ സവിശേഷവും കരിമീന്‍ ധാരാളമായി പിടിക്കുന്നതുമായ രീതിയാണ് വള്ളിക്ക് പോകല്‍. വരാപ്പുഴ കരിമീന്‍ രുചിയില്‍ മുമ്പനായതിനാല്‍ ചന്തയില്‍ മികച്ച വിലയും കിട്ടും.

കുരുത്തോല കൊണ്ട് തോരണം തീര്‍ത്ത് മൂന്നും നാലും പേരുള്ള സംഘമായി ചെറുവഞ്ചികളിലാണ് വള്ളിക്ക് പോകുന്നത്. കരിമീന്‍ കൂട്ടമുള്ള സ്ഥലങ്ങളില്‍ തോരണം കാലില്‍ കെട്ടി ഒരാള്‍ പുഴയില്‍ അവയെ വളഞ്ഞ് നീന്തും. കുരുത്തോല വെളിച്ചം കണ്ണില്‍ പതിയുന്നതോടെ കരിമീന്‍ ചെളിയില്‍ തല പൂഴ്ത്തും. ഈ സമയത്ത് കൂടെയുള്ളവര്‍ വെള്ളത്തില്‍ മുങ്ങിയിരുന്ന് മീനുകള്‍ തപ്പിപ്പിടിച്ച് ഇരു കൈകളിലും കടിച്ചു പിടിച്ചും പൊങ്ങി വന്ന് വഞ്ചിയില്‍ നിക്ഷേപിക്കും.

എന്നാല്‍ ചന്തയിലെത്തുന്നതോടെ മൂന്ന് തട്ടിലുള്ള ഇടനിലക്കാരുടെ ചൂഷണം മൂലം തുച്ഛമായ വിലയാണ് കരിമീന് ഇവര്‍ക്ക് ലഭിക്കുന്നത്. എട്ടുശതമാനം തരകും (കമ്മീഷന്‍) തൂക്കത്തിലെ വെട്ടിപ്പുമെല്ലാം കൊണ്ട് നട്ടംതിരിയുന്ന ഇവര്‍ക്ക് വേറെ മാര്‍ഗമില്ലാത്ത അവസ്ഥയായിരുന്നു. മീമീ ഫിഷ് നേരിട്ട് ഇവരില്‍ നിന്ന് മീന്‍ വാങ്ങുന്നതോടെ ഈ ദുരിതത്തിന് അറുതിയാകും.

അതിനായി ചേരാനെല്ലൂരുള്ള ബ്ലൂബസാറില്‍ മീമീ ഫിഷിന്‍റെ സംഭരണ കേന്ദ്രം ആരംഭിച്ചു കഴിഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് നേരിട്ട് ഇവിടെയെത്തി മത്സ്യം നല്‍കാനാകും. കൂടുതല്‍ അളവ് മത്സ്യമുണ്ടെങ്കില്‍ വള്ളമടുപ്പിക്കുന്ന സ്ഥലത്ത് പോയി സംഭരിക്കാനുള്ള സംവിധാനവും ചെയ്യുന്നുണ്ടെന്ന് പരിവര്‍ത്തനം സിഒഒ റോയി നാഗേന്ദ്രന്‍ അറിയിച്ചു.

കൊല്ലം ജില്ലയില്‍ നിരവധി മീമീ സ്റ്റോറുകള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനം, കൈപ്പമംഗലം എന്നിവിടങ്ങില്‍ മീമീ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, പാലക്കാട്, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ മീമി സ്റ്റോര്‍ തുറക്കാന്‍ താല്പര്യമുള്ളവര്‍ www.parivarthanam.org എന്ന വെബ്സൈറ്റിലോ അല്ലെങ്കില്‍  +91 9383454647 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

https://play.google.com/store/apps/details എന്ന ലിങ്കിലൂടെയോ അല്ലെങ്കില്‍ ഫോണിലുള്ള പ്ലേ സ്റ്റോര്‍ ആപ്പിലൂടെയോ മീമി ആപ്പ് ഉപഭോക്താക്കള്‍ക്ക് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. മീമി സ്റ്റോറുകളുടെ പൂര്‍ണമായ പ്രയോജനം ലഭ്യമാകാന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. വിഷ രഹിതമായ പച്ചക്കറികളും മാംസവും മറ്റ് ആഹാരപദാര്‍ത്ഥങ്ങളും മീമി ആപ്പ് വഴി വൈകാതെ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും പദ്ധതിയുണ്ട്.
മീമീ സ്റ്റോറുകളിലെ ഡിസി കറന്‍റ് മുഖേന ശീതീകരണ സംവിധാനം പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുത തടസ്സം ഉണ്ടായാലും മീന്‍ കേടുകൂടാതെയിരിക്കും. കെഎസ്ഇബിയില്‍ നിന്നും വൈദ്യുതി ലഭിക്കാത്തയിടങ്ങളില്‍ സൗരോര്‍ജ്ജവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ശീതീകരണ സംവിധാനത്തില്‍ തടസമില്ലാതെ വൈദ്യുതി ലഭിക്കും.ഗ്രീന്‍ എനര്‍ജി പദ്ധതികളായ റൂഫ് ടോപ്പ് സോളാര്‍ പവര്‍ പദ്ധതികളും എന്‍ജിനുകളുടെ ഇലക്ട്രിഫിക്കേഷന്‍/ സിഎന്‍ജി കണ്‍വെര്‍ഷനും പരിവര്‍ത്തനത്തിന്‍റെ മറ്റു പദ്ധതികളാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.