കോട്ടയം : ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഗുരുതര ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തി ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സ്വര്‍ണ രുദ്രാക്ഷമാലയിലെ മുത്തുകൾ കാണാതായ സംഭവത്തിലും ശ്രീകോവിലില്‍ അഗ്നിബാധയ്ക്കും കാരണം മുന്‍ മേല്‍ശാന്തിയെന്ന് റിപ്പോർട്ട്.
അഗ്നിബാധ സംബന്ധിച്ച വിവരങള്‍ ദേവസ്വംബോര്‍ഡില്‍ നിന്ന് മറച്ചുവെച്ചെന്നും പരിഹാരക്രിയകള്‍ നടത്താതെ ആചാരലംഘനം നടന്നുവെന്നും കണ്ടെത്തല്‍ ഉണ്ട്. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന 81 മുത്തുകളുള്ള സ്വര്‍ണ രുദ്രാക്ഷ മാല കാണാതായതു സംബന്ധിച്ചായിരുന്നു ദേവസ്വം വിജിലന്‍സിന്‍റെ അന്വേഷണം.
രുദ്രാക്ഷ മാല മാറ്റി പകരം 72 മുത്തുകളുള്ള മറ്റൊരു മാല വെച്ചത് കണ്ടെത്തിയ വിജിലന്‍സ്, ക്രിമിനല്‍ സിവില്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാലയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് 2021 ജനുവരി പതിനേഴിന് ശ്രീകോവിലിലുണ്ടായ അഗ്നിബാധ സംബന്ധിച്ച വിവരങ്ങള്‍ പുറത്താക്കുന്നത്. തീപ്പിടുത്തത്തില്‍ മൂലബിംബത്തിന് സാരമായ കേടുപാടുകള്‍ ഉണ്ടായി വെളളി പീഠം ഉരുകി.
നെയ്യ്, എണ്ണ, കര്‍പ്പൂരം എന്നിവ ശ്രീകോവിലിനുള്ളില്‍ കുട്ടകളില്‍ കൂട്ടിവെച്ചതാണ് അഗ്നിബാധയ്ക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അഗ്നിബാധയുടെ വിവരങ്ങള്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ഭക്തജനങ്ങളില്‍ നിന്നു മറച്ചുവെച്ചു.
അഗ്നിബാധയുണ്ടായാല്‍ ചെയ്യേണ്ട പരിഹാരക്രിയകള്‍ ചെയ്യാതെ അന്ന് തന്നെ ഭക്തജനങ്ങളെ പ്രവേശിപ്പിച്ചത് ഗുരുതര ആചാരലംഘനവും വിശ്വാസികളോടുള്ള വഞ്ചനയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
അഗ്നിബാധയില്‍ കേടുപറ്റിയ സ്വര്‍ണ പ്രഭയിലെ 3 സ്വര്‍ണ നാഗപത്തികള്‍ ദേവസ്വം ബോര്‍ഡിനെ അറിയിക്കാതെ വിളക്കിച്ചേര്‍ത്തതായും അന്വേഷണത്തില്‍ കണ്ടെത്തി. അടിയന്തിരമായി അഷ്ടമംഗല ദേവപ്രശ്നം നടത്തണമെന്നാണ് വിജിലന്‍സിന്റെ ശുപാര്‍ശ. അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ ബാങ്ക് അക്കൗണ്ടും ക്ഷേത്ര ഉപദേശക സമിതിയുടെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനവും വരവ് – ചെലവ് കണക്കുകളും വിശദമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
മുൻ മേൽശാന്തി കേശവൻ സത്യേഷിനെ കൂടാതെ തിരുവാഭരണങ്ങള്‍ സംബന്ധിച്ച് കണക്കെടുപ്പ് നടത്തുന്നതില്‍ വീഴ്ച വരുത്തിയ ദേവസ്വം തിരുവാഭരണം കമ്മിഷണര്‍ എസ്. അജിത് കുമാറിനെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ട്. വിജിലന്‍സ് എസ്പി പി. ബിജോയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിജിലൻസ് റിപ്പോർട്ട് ഇന്ന് ദേവസ്വം ബോർഡ് ചർച്ച ചെയ്യും.