ജാഗ്രത ലൈവ്
കോട്ടയം : തിരുനക്കര മഹാദേവന്റെ ഉത്സവത്തിന്റെ ആഘോഷം നിറച്ച് , ഇന്ന് പൂരം. ക്ഷേത്രത്തിൽ പുരത്തിനായി ഒരുക്കം തുടങ്ങി. ക്ഷേത്രത്തിനുള്ളിൽ കൊമ്പന്മാരെ കുളിപ്പിച്ച് ഒരുക്കുകയാണ്. ആനകളെല്ലാം ഒരുങ്ങിത്തുടങ്ങിയിട്ടുണ്ട്. രാവിലെ പത്തു മണിയോടെ 11 ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങൾ എത്തിത്തുടങ്ങി.
അമ്പലക്കടവ് ക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രം, കൊപ്രത്ത് ദുർഗ്ഗാ ദേവീക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, നാഗമ്പടം മഹാദേവക്ഷേത്രം, തളിക്കോട്ട മഹാദേവക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കൽ ക്ഷേത്രം, പുല്ലരിക്കുന്ന് മള്ളൂർക്കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാണ് ചെറുപൂരങ്ങൾ എഴുന്നള്ളുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈകിട്ട് നാലിനാണ് പകൽപൂരം. ക്ഷേത്രത്തിനുളളിൽ തിരുനക്കരയുടെ കൊമ്പൻ ശിവനും, ഭാരത് വിശ്വനാഥനും അടക്കം ആറ് കൊമ്പന്മാരാണ് ഒരുങ്ങുന്നത്. ചെറു പൂരങ്ങളിൽ നിന്നുള്ള കൊമ്പന്മാരും ഇവിടെ നിരക്കും. തിരുനക്കര ശിവൻ പടിഞ്ഞാൻ ചേരുവാരത്തിൻ്റെയും ചിറക്കൽ കാളിദാസൻ കിഴക്കൻ ചേരുവാരത്തിൻ്റെയും തിടമ്പേറ്റും. ഭാരത് വിനോദ്, പാമ്പാടി സുന്ദരൻ, ഗുരുവായൂർ സിദ്ധാർത്ഥൻ, ചൈത്രം അച്ചു, മീനാട് വിനായകൻ, വരടിയം ജയറാം, വേമ്പനാട് അർജ്ജുനൻ, തോട്ടക്കാട് കണ്ണൻ, കീഴൂട്ട് ശ്രീകണ്ഠൻ, കുന്നുമ്മേൽ പരശുരാമൻ, ഈരാറ്റുപേട്ട അയ്യപ്പൻ, കിരൺ നാരായണൻകുട്ടി, കുന്നത്തൂർ രാമു, കാഞ്ഞിരക്കാട്ട് ശേഖരൻ, തെച്ചിക്കോട്ടുകാവ് ദേവീദാസൻ, ഉണ്ണിമങ്ങാട് ഗണപതി, ചിറക്കാട്ട് അയ്യപ്പൻ, ഭാരത് വിശ്വനാഥൻ, വേമ്പനാട് വാസുദേവൻ, ഉഷശ്രീ ദുർഗ്ഗാപ്രസാദ് എന്നീ ആനകളാണ് പകൽപ്പൂരത്തിന് അണിനിരക്കുന്നത്.