ഇറാനോട് പൊരുതി തോറ്റ് ടീം ഇന്ത്യ : ഖാലിദ് ജമീലിന്റെ കീഴില്‍ ആദ്യ തോൽവി

ഹിസോർ (താജിക്കിസ്താൻ): കാഫ നേഷൻസ് കപ്പില്‍ ശക്തരായ ഇറാനോട് പൊരുതിത്തോറ്റ് ഇന്ത്യ. ആദ്യപകുതിയില്‍ ഇറാനെ പ്രതിരോധപ്പൂട്ടിട്ട് തളർത്തിയ ഇന്ത്യ, രണ്ടാംപകുതിയില്‍ മൂന്ന് ഗോളുകള്‍ വഴങ്ങുകയായിരുന്നു.89-ാം മിനിറ്റിലും ഇൻജുറി ടൈമിലുമാണ് രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകള്‍ വഴങ്ങിയത്. ആദ്യപകുതിയില്‍ ഇറാന്റെ നിരന്തരമായ മുന്നേറ്റത്തെ തടയുന്നതില്‍ ഇന്ത്യൻ പ്രതിരോധം വിജയിച്ചു.

Advertisements

നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍, 59-ാം മിനിറ്റില്‍ ആമിർ ഹൊസനാണ് ഇറാനായി അക്കൗണ്ട് തുറന്നത്. ബോക്സിന് മുന്നില്‍നിന്ന് സാദെഗൻ നല്‍കിയ പന്ത് ആമിർ ഹൊസൻ വലയിലെത്തിക്കുകയായിരുന്നു. ഒരുമണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് ഇറാന് ഗോള്‍ കണ്ടെത്താനായത്. 89-ാം മിനിറ്റില്‍ സ്ട്രൈക്കർ അലി അലിപോർ ഇറാന്റെ ലീഡ് ഇരട്ടിയാക്കി. അധികസമയത്തിന്റെ ആറാംമിനിറ്റില്‍ ഇന്റർ മിലാൻ താരം മെഹ്ദി തരിമികൂടെ ഗോള്‍ നേടിയതോടെ ഇറാൻ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യപകുതിയിലെ അതിശക്തമായ ചെറുത്തുനില്‍പ്പിനു ശേഷമാണ് ഇന്ത്യ മൂന്ന് ഗോളുകളും വഴങ്ങിയത്. ഇരുടീമിനും ഗോള്‍ കണ്ടെത്താനാവാത്ത പകുതിയില്‍ ഇന്ത്യയുടെ പ്രതിരോധം വലിയ തോതില്‍ പ്രകീർത്തിക്കപ്പെട്ടു. ഇറാൻ ഇന്ത്യയുടെ പ്രതിരോധത്തെ ഭേദിക്കാൻ നിരന്തരമായി ശ്രമിച്ചെങ്കിലും ഫലവത്തായിരുന്നില്ല. പ്രതിരോധനിര തകർന്ന ഘട്ടങ്ങളില്‍ ഗോള്‍ക്കീപ്പർ ഗുർപ്രീത് രക്ഷയായി. അതേസമയം ഇന്ത്യൻ ഗോള്‍മുഖത്ത് നിരന്തരമായി അപകടം വിതയ്ക്കാൻ അവർക്കായി.

പുതിയ പരിശീലകൻ ഖാലിദ് ജമീലിന്റെ കീഴില്‍ ആദ്യ കളിയില്‍ താജിക്കിസ്താനെ 2-1ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ, അതിശക്തരായ ഇറാനെതിരേ ഇറങ്ങിയത്. ആദ്യപകുതിയില്‍ ആ ആത്മവിശ്വാസം സ്ഫുരിക്കുന്ന പ്രകടനങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ രണ്ടാംപകുതിയില്‍ മത്സരം കൈവിട്ടു. ഖാലിദ് ജമീലിന് കീഴിലെ ഇന്ത്യയുടെ ആദ്യ തോല്‍വികൂടിയാണിത്. ഫിഫ റാങ്കിങ്ങില്‍ 20-ാം സ്ഥാനത്താണ് ഇറാൻ. ഇന്ത്യ ഇറാനെ ഒരേയൊരു തവണ തോല്‍പ്പിക്കുന്നത് 1951 ഏഷ്യൻ ഗെയിംസ് ഫൈനലിലാണ്. അന്ന് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച്‌ ഇന്ത്യ സ്വർണം നേടി. 2018 ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് അവസാനമായി നേർക്കുനേർ വന്നത്. അന്ന് 4-0ന് ഇറാൻ ജയിച്ചു.

Hot Topics

Related Articles