കോഴിക്കോട്: മദ്യപിക്കാനായി മാഹിയില്‍ പോകാന്‍ ബൈക്ക് ആവശ്യപ്പെട്ട്, നല്‍കിയില്ലെന്ന കാരണത്താല്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍.അഴിയൂര്‍ കോറോത്ത് റോഡ് ആശാരിത്താഴ കുനിയില്‍ അന്‍ജിത്ത്(25) ആണ് ചോമ്ബാല പോലീസിന്റെ പിടിയിലായത്. അഴിയൂര്‍ കോറോത്ത് റോഡിലെ യുവാവിനെയാണ് അന്‍ജിത്തും സുഹൃത്ത് മുഹമ്മദ് അലി റിഹാനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. മാഹിയില്‍ പോയി മദ്യപിക്കാനായി ഇവര്‍ ഇരുവരും യുവാവിനോട് ബൈക്ക് ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ നല്‍കിയില്ല. ഈ വൈരാഗ്യത്തില്‍ വഴിയില്‍ ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. അന്‍ജിത്തും റിഹാനും ഇരുമ്ബ്കട്ട, ഇരുമ്ബ് പൈപ്പ് തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അന്‍ജിത്ത് ആന്ധ്രപ്രദേശിലേക്ക് കടന്നുകളഞ്ഞിരുന്നു. നാട്ടില്‍ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ച പോലീസ് വീട്ടില്‍ ചെന്ന് അറസ്റ്റ് രേഖപ്പെടുത്തി. എഎസ്‌ഐ പ്രവീണ്‍ കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വികെ ഷെമീര്‍, സിവില്‍ പോലീസ് ഓഫീസര്‍ സന്ധ്യ തുടങ്ങിയവരാണ് ഇയാളെ പിടികൂടിയത്.